കേരളം

kerala

ETV Bharat / state

ബ്ലീച്ചിങ്ങ് പൗഡര്‍ തിരികെയെടുക്കാൻ കമ്പനികള്‍; മഴക്കാലപൂര്‍വ്വ ശുചീകരണത്തെ ബാധിക്കും, ഗുരുതരവീഴ്‌ചയെന്ന് ആരോപണം - മഴക്കാല ശുചീകരണം

മൂന്ന് മരുന്ന് സംഭരണശാലകളിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് ബ്ലീച്ചിങ് പൗഡർ തിരികെയെടുക്കാൻ കമ്പനികൾക്ക് നിർദേശം ലഭിച്ചത്. 700 ടണ്‍ ബ്ലീച്ചിങ് പൗഡറാണ് സംസ്ഥാനത്തെ ഗോഡൗണുകളിൽ ഉള്ളത്. മഴക്കാലപൂർവ ശുചീകരണം കണക്കിലെടുത്താണ് ബ്ലീച്ചിങ് പൗഡർ വാങ്ങി സംഭരിച്ചത്.

bleaching powder  bleaching powder at the drug warehouse  bleaching powder drug warehouse  kerala kerala medical services corporation  kmscl  ബ്ലീച്ചിങ്ങ് പൗഡര്‍  തീപിടിത്തം  ബ്ലീച്ചിങ്ങ് പൗഡര്‍ കമ്പനികള്‍  മഴക്കാലപൂര്‍വ്വ ശുചീകരണം  മഴക്കാലപൂര്‍വ്വ ശുചീകരണം ബ്ലീച്ചിങ് പൗഡർ  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷൻ  മഴക്കാല ശുചീകരണം  മരുന്ന് സംഭരണശാല തീപിടിത്തം
ബ്ലീച്ചിങ്ങ് പൗഡര്‍

By

Published : May 29, 2023, 2:24 PM IST

തിരുവനന്തപുരം : ബ്ലീച്ചിങ് പൗഡർ വലിയ അളവിൽ സംഭരിച്ചതിൽ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റേത് ഗുരുതര വീഴ്‌ചയെന്ന് ആരോപണം. ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനുണ്ടായ വീഴ്‌ച മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. മഴക്കാലപൂര്‍വ ശുചീകരണം കൂടി മുന്നില്‍ കണ്ടാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വലിയ അളവില്‍ ബ്ലീച്ചിങ് പൗഡർ വാങ്ങി സംഭരിച്ചത്.

കാരുണ്യ വഴിയടക്കം ടണ്‍ കണക്കിന് ബ്ലീച്ചിങ് പൗഡറാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരിച്ചത്. ഇത്തരത്തില്‍ 700 ടണ്‍ ബ്ലീച്ചിങ് പൗഡറാണ് സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ഇങ്ങനെ സംഭരിച്ചിരുന്ന കേന്ദ്രങ്ങള്‍ക്കാണ് നിരന്തരം തീപിടിത്തമുണ്ടായത്.

ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. ആദ്യം കൊല്ലത്തെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായി. പിന്നാലെ ആലപ്പുഴയിലെ ഗോഡൗണിലും തീപിടിത്തമുണ്ടായി. ഇവിടെയെല്ലാം തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറാണെന്നാണ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.

ബ്ലീച്ചിങ് പൗഡറിലെ ഈര്‍പ്പം തീപിടിത്തത്തിന് കാരണമായെന്നാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതോടൊപ്പം കത്തിനശിച്ച കാലവധി തീര്‍ന്ന മരുന്നുകളടക്കം വിവാദത്തിലായിട്ടുണ്ട്. കൊവിഡ് കാലത്തെ അധികവില നല്‍കിയുള്ള വാങ്ങലുകളിലടക്കം ലോകായുക്ത അന്വേഷണം നടക്കുന്നതിനിടയിലെ തീപിടിത്തം ദുരൂഹത ഉണർത്തുന്നു എന്നാണ് ഇപ്പോഴത്തെ ആരോപണം.

Also read :ഒരാഴ്‌ചയ്ക്കിടെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ രണ്ട് ഗോഡൗണുകളില്‍ തീപിടിത്തം; വീഴ്‌ചയോ അട്ടിമറിയോ...

ഇതിനിടയില്‍ തന്നെയാണ് വാങ്ങിക്കൂട്ടിയിരിക്കുന്ന ബ്ലീച്ചിങ് പൗഡറിലും ആരോപണം ഉയരുന്നത്. കേരളം ആസ്ഥാനമായുള്ള പാര്‍ക്കിന്‍സ് എന്‍റര്‍പ്രൈസസ്, ഉത്തര്‍പ്രദേശ് ആസ്ഥാനമായ ബങ്കെബിഹാരി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നാണ് ഇത്രയും ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയിരിക്കുന്നത്. കര്‍ശനമായ ടെന്‍ഡര്‍ വ്യവസ്ഥകള്‍ ഇല്ലാതെയാണ് ഈ വാങ്ങിക്കൂട്ടല്‍.

ഗുണനിലവാരത്തിലും പരിശോധന നടന്നിട്ടില്ലെന്ന് ആരോപണം : ഇത്കൂടാതെ ബ്ലീച്ചിങ് പൗഡറിന്‍റെ ഗുണനിലവാരത്തിലും ആവശ്യമായ പരിശോധന നടന്നിട്ടില്ലെന്നാണ് ആക്ഷേപം. ഇത്തരത്തില്‍ ഗുണനിലവാര പരിശോധനയില്‍ വരുത്തിയ വീഴ്‌ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിലയിരത്തല്‍. മൂന്ന് സമാനമായ സംഭവം ആവര്‍ത്തിച്ചതോടെ ബ്ലീച്ചിങ് പൗഡറുകള്‍ തിരികെ എടുക്കാന്‍ കമ്പനികളോട് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. അതനുസരിച്ചുളള നടപടികള്‍ പുരോഗമിക്കുകയാണ്.

മഴക്കാലപൂര്‍വ ശുചീകരണം പ്രതിസന്ധിയിൽ : ഇത്തരത്തില്‍ ശേഖരിച്ച ബ്ലീച്ചിങ് പൗഡറുകള്‍ തിരികെ നല്‍കുമ്പോള്‍ സംസ്ഥാനത്തെ മഴക്കാലപൂര്‍വ ശുചീകരണത്തിനെയടക്കം ഇത് ബാധിക്കും. ഇപ്പോള്‍ സംഭരിച്ച ബ്ലീച്ചിങ്ങ് പൗഡറുകളാണ് തിരികെ നല്‍കിയത്. ബാക്കിയുള്ള സ്റ്റോക്ക് കൊണ്ട് നിലവിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഡെങ്കി, പകര്‍ച്ചപ്പനി അടക്കമുള്ളവ പടരുന്നത് തടയാനാണ് മഴക്കാല ശുചീകരണവും ജാഗ്രതയും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.

ഇത്തവണയും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഡെങ്കി വ്യാപനത്തില്‍ അതീവ ജാഗ്രത നിര്‍ദേശിച്ചിരിക്കുന്നത്. കൊതുക് നശീകരണമാണ് ഇത്തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ഏറ്റവും ആവശ്യം. ഇതിന് ബ്ലീച്ചിങ് പൗഡറുകള്‍ അത്യാവശ്യ ഘടകവുമാണ്. ഇപ്പോള്‍ പുതുതായി വാങ്ങിയ സ്‌റ്റോക്ക് തിരികെ നല്‍കുമ്പോള്‍ ബ്ലീച്ചിങ് പൗഡറിന്‍റെ ശേഖരത്തില്‍ വലിയ കുറവാകും ഉണ്ടാവുക. ഇത് എങ്ങനെ പരിഹരിക്കാമെന്ന ആലോചനയിലാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍.

Also read :കൊല്ലത്ത് മെഡിക്കൽ സർവീസ് കോർപറേഷൻ്റെ മരുന്ന് സംഭരണ ശാലയില്‍ വന്‍ തീപിടിത്തം

ABOUT THE AUTHOR

...view details