തിരുവനന്തപുരം : മഹാരാഷ്ട്ര,ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് രോഗം കേരളത്തിലും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുപേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ആന്‍റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കുമെന്നതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് മനുഷ്യരില്‍ ഈ രോഗമുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസിന്‍റെ സാന്നിധ്യമുണ്ടാകും. പൊതുവെ അപകടകാരിയല്ലെങ്കിലും രോഗപ്രതിരോധശേഷി കുറവുളളവരില്‍ ഈ ഫംഗസ് ബാധ അപകടകരമാകും. കൊവിഡ് ബാധിതരുടെ രോഗപ്രതിരോധ ശക്തി കുറയുമെന്നതിനാലാണ് ഇവരില്‍ ബ്ലാക്ക് ഫംഗസ് ഗുരുതരമാകുന്നത്. ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, പ്രമേഹരോഗികള്‍, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ ചികിത്സ തേടിയവര്‍ എന്നിവര്‍ക്ക് ബ്ലാക്ക് ഫംഗസ് അപകട സാധ്യതയുണ്ടാക്കും.