തിരുവനന്തപുരം:മേയർ ആര്യ രാജേന്ദ്രൻ നടത്തിയത് സത്യപ്രതിജ്ഞാലംഘനമെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ്. കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 താത്കാലിക നിയമനത്തിനായി സിപിഎമ്മിനോട് ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ കത്ത് ഞെട്ടിപ്പിക്കുന്നതാണെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കത്തയച്ചത് മേയറല്ലെങ്കിൽ പൊലീസിനെ സമീപിക്കാൻ വി വി രാജേഷ് വെല്ലുവിളിച്ചു.
കളിപ്പാവകളെ കോർപറേഷൻ തലപ്പത്ത് കൊണ്ട് വന്ന് തട്ടിപ്പിനുള്ള നീക്കമാണ് നടക്കുന്നത്. നഗരസഭയിൽ പ്രത്യക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകും. പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള കേന്ദ്രമായി നഗരസഭ മാറുന്നു. ഭരണ സമിതി പിരിച്ചുവിടണം.
വിഷയത്തിൽ ബിജെപി ഇന്ന് മുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കും. സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്ഥാനം മാറാത്തത് സംശയമാണ്. പല കേന്ദ്രങ്ങളിൽ നിന്നും കൈക്കൂലി ലഭിക്കുന്നു. ഇതാണ് സ്ഥാനമാനങ്ങൾ മാറാതെ തുടരുന്നത്.