തിരുവനന്തപുരം: സമൂഹത്തെ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. മുസ്ലീം വോട്ടുകൾ നേടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ഈ വർഗീയതയുടെ ഹിഡൻ അജണ്ടയെ തുടര്‍ന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമം; ഇടത്-വലത് മുന്നണികള്‍ക്കെതിരെ പികെ കൃഷ്‌ണദാസ് - thiruvanathapuram
മുസ്ലീം വോട്ടുകൾ നേടാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് വ്യക്തമാക്കി
കൊവിഡ് മാനദണ്ഡങ്ങളൊന്നും ലംഘിക്കാതെയാണ് ദേശീയ അധ്യക്ഷൻ സംസ്ഥാനത്തെ പരിപാടികളിൽ പങ്കെടുത്തത്. എന്നിട്ടും കേസെടുത്ത സംസ്ഥാന സർക്കാർ നടപടി ഫാസിസമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും കോൺഗ്രസിന്‍റെ ശ്രമവും ഇതു തന്നെയാണെന്നും ബിജെപി നേതാവ് പറഞ്ഞു.
കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ നടത്തിയ പ്രസംഗം ക്രൈസ്‌തവരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും കൃഷ്‌ണദാസ് ആരോപിച്ചു. യൂറോപ്പിലെ പള്ളികള്‍ പലതും വ്യാപാര ശാലകളും ഡാന്‍സ് ബാറുകളുമായി മാറിയെന്ന ചാണ്ടി ഉമ്മന്‍റെ പ്രസംഗം വിവാദമായിരുന്നു. ശബരിമല വിഷയത്തിൽ സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പാണെന്നും സുപ്രീംകോടതി വിധി വന്ന ശേഷം എല്ലാവരുമായി ചർച്ച ചെയ്യാം എന്ന് പറയുന്ന മുഖ്യമന്ത്രി നേരത്തെ വിധി വന്നപ്പോൾ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യാതിരുന്നുവെന്നും കൃഷ്‌ണദാസ് ചോദിച്ചു. ഇപ്പോൾ ഹൈന്ദവ വോട്ടുകൾ തട്ടാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമാണ് ഈ പ്രസ്‌താവനയെന്നും കൃഷ്‌ണദാസ് തിരുവനന്തപുരത്ത് പറഞ്ഞു.