തിരുവനന്തപുരം :രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അയോധ്യ പ്രതിഷ്‌ഠാദിനത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ കേരളത്തിലെ പാര്‍ട്ടി ആരെയാണ് ഭയക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran against congress). ജനുവരി 22ന് പ്രതിഷ്‌ഠാദിനത്തിൽ കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ആഘോഷ പരിപാടികളാണ് ആലോചിച്ചിട്ടുള്ളത്. എന്നാൽ രാഹുൽ ഗാന്ധിയുടെ മണ്ഡലമുള്ള കേരളത്തിൽ ഹിന്ദുക്കളുടെ സെന്‍റിമെന്‍റ്‌സിനെ അവഗണിക്കുകയാണ്.
അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ജാതി, മത ചിന്തകള്‍ക്ക് അതീതമായി മുന്നേറ്റത്തിൽ പങ്കാളികളാവും എന്ന് ബിജെപിക്ക് ഉറപ്പുണ്ട്. മുസ്ലിം ലീഗ് നേതാക്കൾ വരെ അയോധ്യ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് ആരെയാണ് ഭയക്കുന്നത്. മറുപടി പറയാതെ കോൺഗ്രസിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിഷ്‌ഠാദിനത്തിൽ അമ്പലങ്ങളിലും പരിസരങ്ങളിലും ശുചീകരണ പ്രവൃത്തി നടത്താനും വീടുകളിൽ ദീപം തെളിയിക്കാനുമാണ് ബിജെപിയുടെ തീരുമാനം.
കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു : അതേസമയം, കേരളത്തിൽ ക്രമസമാധാന നില തകർന്നു എന്നതിന്‍റെ തെളിവാണ് ഇന്നലെ ഇടുക്കിയിൽ അടക്കം ഉണ്ടായതെന്നും നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഹാജരാക്കേണ്ട ഇടത്ത് അവതരിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ആദ്യം ആരോപിച്ചത് തങ്ങളാണ്. കേസ് നിലവിൽ കോടതിയിൽ കിടക്കുകയാണ്.