തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. വ്യാഴാഴ്‌ച (ഡിസംബര്‍ 28) ചേരുന്ന സംസ്ഥാന കൗൺസിലില്‍ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കും. ഇന്ന് (ഡിസംബര്‍ 27) ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം (CPI Leadership Meet).
സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് പേരുകളൊന്നും ഉയർന്നില്ല. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെ ബിനോയ് വിശ്വത്തെ താത്‌കാലിക സെക്രട്ടറിയായി നിയമിച്ചിരുന്നു. ജനറല്‍ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് അടിയന്തരം യോഗം ചേര്‍ന്നായിരുന്നു ബിനോയ് വിശ്വത്തെ താത്‌കാലിക സെക്രട്ടറിയായി നിയമിച്ചത് (CPI State Executive).
താത്‌കാലിക ചുമതലയ്‌ക്ക് വിമര്‍ശനം:കാനം രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെ ബിനോയ് വിശ്വത്തെ താത്‌കാലിക സെക്രട്ടറിയായി നിയമിച്ചതില്‍ സിപിഐയില്‍ നിന്ന് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏകകണ്‌ഠമായാണ് വിശ്വത്തെ തെരഞ്ഞെടുത്തതെന്നായിരുന്നു ഡി രാജ അന്ന് അറിയിച്ചത്. എന്നാല്‍ കാനത്തിന്‍റെ സംസ്‌കാര ദിനം തന്നെ കോട്ടയത്ത് യോഗം ചേര്‍ന്നതിന് എതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത് (Binoy Viswam).