തിരുവനന്തപുരം:പണിമുടക്കെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒഴിവുദിനാഘോഷങ്ങളിലേക്ക് കടക്കുന്ന മലയാളികള്‍ക്കിടയില്‍ പണിയെടുത്ത് വ്യത്യസ്തനാകുകയാണ് തിരുവനന്തപുരം രാമപുരം സ്വദേശി ജയന്‍. തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് രാത്രി 12 മണി മുതല്‍ ആരംഭിച്ചെങ്കിലും പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച് തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ജയന്‍. പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്നാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ജയന്‍റെ കുടുംബം കഴിയുന്നത്.
അന്നം മുടങ്ങാതിരിക്കാൻ പണിമുടക്കാതെ ജയന്‍ - സിനിമ പോസ്റ്റർ
ദേശീയ പണിമുടക്കിലും തന്‍റെ ജോലി ചെയ്യുകയാണ് ദിവസ വേതന തൊഴിലാളിയായ ജയൻ
പതിവ് ദിനങ്ങളേക്കാള്‍ പണിമുടക്ക് ദിനമായ ഇന്നൊരൽപ്പം വേഗം കൂടുതലാണ് ജയന്. സൂപ്പര്‍ താരങ്ങളുടെ അടക്കം പോസ്റ്ററുകള്‍ കാഴ്ചക്ക് കൗതുകമാം വിധം പശ തേയ്ച്ച് ഒട്ടിച്ചു തീര്‍ക്കണം. പുലര്‍ച്ചെ തുടങ്ങിയ പണിയാണ്, ബാക്കിയുള്ള പോസ്റ്ററുകളും പശ നിറച്ച കന്നാസുമായി ജയൻ സൈക്കിൾ യാത്ര തുടർന്നു. തൊഴിലാളി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് എം.ജി റോഡിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് റോഡ് മുറിച്ചു കടന്നു. ഒരു പോസ്റ്ററൊട്ടിക്കുമ്പോള്‍ നാല് രൂപയാണ് ജയന് ലഭിക്കുക. മുപ്പത് വര്‍ഷമായി ഇതാണ് തൊഴില്‍. കൂടുതല്‍ പറഞ്ഞ് നിന്നാല്‍ പണിപാളും, പണിമുടക്കാതെ സൈക്കിളുമായി ജയന്‍ ഓട്ടം തുടരുന്നു.