തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടതിൽ നിലപാട് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ. ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടേയോ പിന്നാലെ പോകേണ്ട ആവശ്യം യുഡിഎഫിനില്ല. സ്വന്തം നിലയില്‍ സമരം നടത്താനുള്ള ആള്‍ബലവും ആര്‍ജവവും യുഡിഎഫിനുണ്ട്.
പൗരത്വ ഭേദഗതി നിയമം; എല്‍ഡിഎഫിനൊപ്പം ഇനി പ്രതിഷേധങ്ങള്‍ ഇല്ലെന്ന് ബെന്നി ബെഹനാന്‍
പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ കോൺഗ്രസിന് പിന്നിലാണ് സിപിഎം നിലകൊള്ളുന്നതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍
ഇന്ത്യയിലാകാമാനം ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. രാജ്യവ്യാപക പ്രതിഷേധ സമരങ്ങളില്‍ കോണ്‍ഗ്രസിന് പിന്നിലാണ് സിപിഎം നിലകൊള്ളുന്നത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെ ഒരു കൂട്ടായ്മയ എന്ന നിലയിലാണ് ഇടതു മുന്നണിയുമായി യോജിച്ച് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധം നടത്തിയത്. അത് അവിടം കൊണ്ട് അവസാനിച്ചു. പൗരത്വ പ്രതിഷേധങ്ങളില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫ് ഇനി ഇല്ല. ഇടതു മുന്നണിയുമായി വേദി പങ്കിടുന്ന കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാദം അടഞ്ഞ അധ്യായമാണെന്നും ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.