തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്‌മിഷനിൽ ഭരണ പ്രതിപക്ഷ തർക്കം. വൈറസ് ബാധിതരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ പാളിച്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിശദമായ മറുപടിയാണ് ആരോഗ്യമന്ത്രി സബ്‌മിഷന് നൽകിയത്.
വൈറസ് പ്രതിരോധത്തെ ചൊല്ലി നിയമസഭയിൽ ബഹളം - ആരോഗ്യ മന്ത്രി
ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ പരാമർശത്തിൽ ദുസൂചനയാണുള്ളതെന്ന് ആരോഗ്യമന്ത്രി
കൊവിഡ് ബാധയിൽ മരണം ഒഴിവാക്കാൻ സാഹസികമായാണ് സർക്കാർ ഇടപെടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരണം ഉണ്ടാകില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ല. എന്നാൽ അതിനായാണ് ശ്രമിക്കുന്നത്. വിമാനത്താവളത്തിനകത്തെ നിരീക്ഷണം കേന്ദ്ര സർക്കാരിന്‍റെ കൈയിലാണ്. ആയിരകണക്കിന് ആളുകളെത്തുമ്പോൾ ഒരാൾ വിട്ടു പോകാം. പൊലീസ് മാതൃകയിലല്ല പരിശോധന. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ കൂടുംബം കാര്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചു. വിവരം അറിഞ്ഞതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അവരെ കഷ്‌ടപ്പെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നിട്ടും കാര്യങ്ങൾ വിശദമായി പറയാൻ ഈ കുടുംബം തയാറാകുന്നില്ല. ഇത്തരത്തിൽ ഭഗീരഥ പ്രവർത്തനമാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ പോരായ്‌മകൾ ചൂണ്ടിക്കാണിക്കണം. എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ പരാമർശത്തിൽ ദുസൂചനയാണുള്ളതെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ഇതോടെ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. മറുപടിയുമായി ഭരണപക്ഷവും രംഗത്തെത്തി. ഇതോടെ പ്രതിപക്ഷത്തിന് നേരെ ആരോഗ്യമന്ത്രി രോഷത്തോടെ പ്രതികരിച്ചു. ഇത്തരം കാര്യങ്ങളിൽ മോശമായി പ്രതിപക്ഷം പ്രതികരിക്കരുതെന്ന് മന്ത്രി പറഞ്ഞു. ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് വിമാനത്താവളത്തിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗുരുതരമായ ഈ സാഹചര്യം സാധ്യമായ രീതിയിലെല്ലാം നേരിടുമെന്നും ആരോഗ്യമന്ത്രി ആവർത്തിച്ചു.