തിരുവനന്തപുരം:സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യ നയത്തിന് അംഗീകാരം. ഇന്ന് (30.03.2022) ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരും.
കൂടുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകളുടെ പ്രവര്‍ത്തനം എന്നിവയുടെ നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള മികച്ച പേരുള്ള ഐടി സ്ഥാപനങ്ങള്‍ക്കാവും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്.
പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം. ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് നിര്‍ദേശമുള്ളത്.
also read: പതിവു തെറ്റിക്കാതെ ഇന്ധനവില വര്‍ധന; സംസ്ഥാനത്ത് ഡീസല്‍ വില നൂറിനടുത്ത്
കൂടുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്. ഔട്ട്‌ലെറ്റുകളുടെ ദൂരപരിധി കുറച്ചാണ് കൂടുതല്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ തുറക്കുന്നത്. കളളു ഷാപ്പുകളുടെ ദൂര പരിധി കുറയ്ക്കാനും മദ്യ നയത്തില്‍ നിര്‍ദേശമുണ്ട്. ഒന്നാം തീയതിയുള്ള മദ്യ വില്‍പ്പന കേന്ദ്രങ്ങളുടെ അടച്ചിടലും ഒഴിവാക്കി.