കേരളം

kerala

ETV Bharat / state

ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകന്‍; ബാബു പോൾ ഇനി ഓർമ്മ

എഞ്ചിനീയറായി ഐഎഎസിലേക്ക് എത്തിയ ഡാനിയേല്‍ ബാബുപോള്‍ 40 വര്‍ഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായി നിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി നിര്‍ണായക പദവികള്‍ വഹിച്ചു.

ഡോ. ഡി.ബാബുപോള്‍

By

Published : Apr 13, 2019, 9:31 AM IST

തിരുവനന്തപുരം: ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്‍റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന ഡോ. ഡി.ബാബുപോള്‍ ഓർമ്മയായി. പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകന്‍, ഔദ്യോഗിക ജീവിത്തിനൊപ്പം ആത്മീയപ്രവര്‍ത്തനങ്ങളിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍, കേരളത്തിന് ഇങ്ങനെ പലതുമായിരുന്നു ഡോ. ഡി. ബാബുപോള്‍.

എഞ്ചിനീയറായി ഐഎഎസിലേക്ക് എത്തിയ ഡാനിയേല്‍ ബാബുപോള്‍ 40 വര്‍ഷത്തോളം ഭരണരംഗത്ത് പ്രഗത്ഭനായി നിന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി നിര്‍ണായക പദവികള്‍ വഹിച്ചു. കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായത് ബാബുപോളിന്‍റെ നേതൃത്വത്തിലായിരുന്നു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും ബാബു പോളാണ്. മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണം ചെയ്ത് തയ്യാറാക്കിയ 'വേദശബ്ദ രത്നാകാരം' മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഒമ്പത് വര്‍ഷമെടുത്താണ് ഈ നിഘണ്ടു അദ്ദേഹം എഴുതിയത്.

യാക്കോബായ സഭയുടെ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന ഫാദര്‍ പൗലോസ് ചീരോത്തോട്ടത്തിന്‍റെയും അധ്യാപികയായിരുന്ന മേരി പോളിന്‍റെയും മകനായി 1941 മേയ് 29-ന് പെരുമ്പാവൂരിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. അച്ഛന്‍ പ്രധാനാധ്യാപകനായിരുന്ന കുറുപ്പംപടി എംജിഎം ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടി. തിരുവിതാംകൂര്‍ രാജാവിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിലും തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിലുമായിരുന്നു ഉപരിപഠനങ്ങള്‍. പ്രതിരോധ ശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. 1962 ല്‍ സര്‍ക്കാർ ജൂനിയര്‍ എഞ്ചിനീയറായി. 1964 ല്‍ എഴാം റാങ്കോടെ ഐഎഎസ് വിജയിച്ചു.

സെക്രേട്ടറിയറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ 1971 ല്‍ അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോനാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി ബാബുപോളിനെ നിയമിച്ചത്. ഇടുക്കി ജില്ല രൂപവത്കരിച്ചപ്പോള്‍ ആദ്യകളക്ടറും അദ്ദേഹമായിരുന്നു. ആറുവര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹം ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തിയില്ല. രാഷ്ട്രീയ, സഭാ കേന്ദ്രങ്ങളുമായുള്ള വിയോജിപ്പായിരുന്നു കാരണം. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കുമ്പോള്‍ സ്വയംവിരമിച്ച് തദ്ദേശഭരണ ഓംബുഡ്സമാനായി. 2001 ല്‍ എ കെ ആന്‍റണി മന്ത്രിസഭ ഓംബുഡ്സ്മാനെ പിരിച്ചുവിട്ടതോടെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക സേവനം അവസാനിച്ചു. എ ബി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഗവര്‍ണര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടംനേടിയെങ്കിലും ഗവര്‍ണറായില്ല. പതിവായി അള്‍ത്താരയിലെ ശുശ്രൂഷകനായിരുന്നു ബാബുപോള്‍. ആകമാന സുറിയാനി സഭയില്‍ വിശ്വാസികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ബ്രാര്‍ ഈത്തൊ ബ്രീറോ (ശ്രേഷ്ഠ പുത്രന്‍), സെന്‍റ് ഇഗ്‌നേഷ്യസ് മെഡല്‍ എന്നീ ആദരവുകള്‍ നേടിയിട്ടുണ്ട്.

കേന്ദ്ര വ്യോമയാന മുന്‍ സെക്രട്ടറിയും എയര്‍ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ കെ. റോയി പോളാണ് ഏകസഹോദരന്‍. ഭാര്യ പരേതയായ അന്ന ബാബു പോള്‍ (നിര്‍മലാ പോള്‍). മക്കള്‍ ചെറിയാന്‍ സി പോള്‍, മറിയം സി പോള്‍. സതീഷ്, ദീപ എന്നിവര്‍ മരുമക്കളാണ്.

ABOUT THE AUTHOR

...view details