തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി.
വിവാഹങ്ങൾക്ക് 20 പേരിൽ കൂടുതൽ ആളുകളെ അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ, ഓഡിറ്റോറിയം ഉടമകളും അതിജീവന സമരവുമായി ബാർബർ ആൻഡ് ബ്യൂട്ടീഷൻ സംഘടനയുമാണ് പ്രതിഷേധം കടുപ്പിച്ചത്.
ഇളവുകൾ നൽകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓഡിറ്റോറിയം ഉടമകളുടെ സമരം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു.
കഴുത്തിൽ കുരുക്കിട്ട് പ്രതിഷേധം
കഴുത്തിൽ കുരുക്കിട്ട് പ്രതീകാത്മക ആത്മഹത്യ അവതരിപ്പിച്ചാണ് ഓഡിറ്റോറിയം ഉടമകൾ സമരം ചെയ്തത്. വിവാഹത്തിന് 20 പേരെ മാത്രം അനുവദിക്കുന്നതിനാൽ ഓഡിറ്റോറിയങ്ങൾ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
വരുമാനം മുടങ്ങിയതിനൊപ്പം വായ്‌പാ അടവുകളും മുടങ്ങി. അതേസമയം വൻകിട ഹോട്ടലുകളിലും റിസോർട്ടുകളിലും സാമൂഹിക അകലം പാലിക്കാതെ വിവാഹങ്ങൾ നടക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.