ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാനം തിരുവനന്തപുരം : ലോക പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്നലെ മുതൽ തന്നെ ഭക്തർ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളുമായി അടുപ്പ് കൂട്ടി സ്ഥാനം പിടിച്ചിരുന്നു.
പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. തോറ്റംപാട്ട് പുരയുടെ മുന്നിലാണ് പണ്ടാര അടുപ്പ് സ്ഥാപിക്കുന്നത്. രാവിലെ 10.30നാണ് അടുപ്പ് വെട്ട്.
തുടർന്ന് ശ്രീ കോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ അഗ്നി പകരും. തുടർന്ന് മേൽശാന്തി സഹ മേൽശാന്തിക്ക് ദീപം കൈമാറും.
ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. ആദ്യം നിവേദിക്കുന്നത് പണ്ടാര അടുപ്പിലെ പൊങ്കാലയാണ്. തുടർന്ന് ഭക്തർ ഒരുക്കിയ പൊങ്കാലകളിലേക്കും തീർഥം പകരും.
രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. 10.15ന് പുറത്തെഴുന്നള്ളത്ത്. പത്താം ഉത്സവമായ നാളെ രാത്രി 9.15നാണ് കാപ്പഴിച്ച് കുടിയിളക്കുന്നത്. രാത്രി ഒരുമണിക്ക് കുരുതി തർപ്പണവും നടക്കും.
ആറ്റുകാൽ പൊങ്കാലയെന്ന ഭക്തിസന്ദ്രമായ പുണ്യകാഴ്‌ചയിലേക്കാണ് ഇന്ന് തലസ്ഥാന നഗരി മിഴി തുറന്നത്. പൊങ്കാലയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്ര ട്രസ്റ്റ് അധികൃതരും സർക്കാരും ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്. ആറ്റുകാലമ്മയുടെ ഇഷ്‌ട നൈവേദ്യമാണ് മണ്ടപ്പുറ്റ്.
ഭക്തർ കടുംപായസവും തെരളി അപ്പവും പാൽപ്പായസവും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. പൊങ്കാല തിളച്ച് തൂകുന്നത് കിഴക്കോട്ടാണെങ്കിൽ ഇഷ്ടകാര്യം നടക്കും, വടക്കോട്ടാണെങ്കിൽ കാലതാമസമുണ്ടാകും, പടിഞ്ഞാറോട്ടും തെക്കോട്ടുമായാൽ ദുരിതം മാറിയിട്ടില്ലെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി വലിയ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി 400 സർവീസുകള്‍ നടത്തും.
പൊങ്കാലയ്ക്ക് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് സുരക്ഷ ഒരുക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഭക്തജനങ്ങൾ ആറ്റുകാലമ്മയെ മനസിൽ ധ്യാനിച്ച് വീടിന് മുറ്റത്താണ് പൊങ്കാല അർപ്പിച്ചിരുന്നത്. ഈ സാഹചര്യം മാറി ക്ഷേത്ര പരിസരങ്ങളിൽ പൊങ്കാലയർപ്പിക്കാനാകുന്നതിന്‍റെ നിർവൃതിയിലാണ് ഭക്തർ.
അൻപത് ലക്ഷത്തിലധികം ഭക്തർ ഇന്ന് പൊങ്കാലയ്ക്ക് എത്തുമെന്നാണ് വിലയിരുത്തൽ. സുരക്ഷയ്ക്കായി ഫീൽഡിൽ 15 സ്‌റ്റേഷൻ ഓഫിസർമാർ, 10 സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ, 110 സിവിൽ ഡിഫൻസ് വൊളന്‍റിയർമാര്‍ എന്നിവരെ അഗ്നിശമനസേന നിയോഗിച്ചിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്‌തവർക്ക് മാത്രമേ ഭക്ഷണവും വെള്ളവും നൽകാൻ അനുവാദമുള്ളൂ. മെഡിക്കല്‍ ടീമിന്‍റെ സേവനവും ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഭക്തര്‍ക്ക് ലഭ്യമായിരിക്കും. പൊങ്കാല നടക്കുന്ന നഗരത്തിലെ പ്രദേശങ്ങളില്‍ ജലവിതരണത്തിന് വാട്ടര്‍ അതോറിറ്റി പ്രത്യേകം ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
അരുവിക്കരയില്‍ നിന്നും അധികം വെള്ളം ഇവിടങ്ങളിലേക്കെത്തിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. കൂടാതെ പൊങ്കാലയ്‌ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പ്രദേശങ്ങളില്‍ 1,350ലധികം കുടിവെള്ള ടാപ്പുകളും 50-ഓളം ഷവറുകളും ഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തും പ്രധാന ഉത്സവമേഖലകളിലുമായി 2,000 പുരുഷ പൊലീസിനെയും 750 വനിത പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.