തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. സ്‌ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഇത്തവണ ആഘോഷമില്ലാതെയാണ് പൊങ്കാല. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നെത്തുന്ന ഭക്തര്‍ ക്ഷേത്രമുറ്റത്തും പരിസരങ്ങളിലും ക്ഷേത്രത്തിനു ചുറ്റുമുള്ള കിലോമീറ്ററോളം ദൂരത്തിലും പൊങ്കാലയിടുന്ന പതിവ് ഇത്തവണയില്ല. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഈ വര്‍ഷത്തെ പൊങ്കാല ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പില്‍ മാത്രം.
ആറ്റുകാല്‍ പൊങ്കാല നാളെ
കൊവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ പൊങ്കാല ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പില്‍ മാത്രം. ഭക്തര്‍ക്ക് വീടുകളിലിരുന്ന് പൊങ്കാല അര്‍പ്പിക്കാം.
മുന്‍ വര്‍ഷത്തേതിന് സമാനമായി ഇത്തവണ സമൂഹ പൊങ്കാല അനുവദിക്കില്ല. ഭക്തജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലിരുന്ന് പൊങ്കാലയിടണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കുകയും ഇക്കാര്യം ക്ഷേത്ര ഭരണ സമിതി അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്. സമൂഹ പൊങ്കാല അനുവദിക്കില്ലെന്ന് ജില്ലാ കലക്‌ടറും സിറ്റി പൊലീസ് കമ്മിഷണറും അറിയിച്ചിട്ടുണ്ട്.
ശനിയാഴ്‌ച രാവിലെ 10.50നാണ് അടുപ്പുവെട്ട് ചടങ്ങ്. ഈ സമയത്ത് ക്ഷേത്ര നടയില്‍ സജ്ജമാക്കിയ പണ്ടാര അടുപ്പില്‍ ക്ഷേത്ര മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി ദീപം പകരും. വൈകിട്ട് 3.40 നാണ് പൊങ്കാല നിവേദ്യം. പണ്ടാര അടുപ്പില്‍ തീ പടരുന്ന സമയം വിവിധ മാധ്യമങ്ങളിലൂടെ പൊങ്കാല വിളംബരം ഉണ്ടാകും.