എറണാകുളം:ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ തൃപ്പൂണിത്തുറയിൽ അത്തപതാക ഉയർത്തി. പ്രളയവും കൊവിഡും വിലങ്ങുതടിയായതോടെ തുടർച്ചയായ രണ്ടാം വർഷമാണ് പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയില്ലാതെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത്. മുന്‍ കാലങ്ങളിൽ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടെയായിരുന്നു കേരളത്തിലെ ഓണാഘോഷങ്ങൾ തുടങ്ങിയിരുന്നത്. ഇത്തവണ തൃപ്പൂണിത്തുറയിലെ അത്താഘോഷം പരിമിത ചടങ്ങുകളിൽ ഒതുങ്ങി.
ആഘോഷങ്ങളില്ലാതെ അത്തച്ചമയം
തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു അത്തപതാക ഉയർത്തി. ഓണം പോലെ തന്നെ വലിയ സന്ദേശമാണ് അത്താഘോഷത്തിനുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ അത്തച്ചമയം; തൃപ്പൂണിത്തുറയിൽ അത്തപതാക ഉയർത്തി മതസൗഹാർദത്തിന്‍റെ സന്ദേശമാണ് അത്താഘോഷം പങ്കു വയ്ക്കുന്നത്. ചെമ്പിൽ അരയൻ, നെട്ടൂർ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ തുടങ്ങിയ മത സാമുദായിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊച്ചി രാജാവ് അത്തച്ചമയ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. എല്ലാ കാലത്തും പ്രസക്തമായ സന്ദേശമാണ് അത്താഘോഷത്തിന് പിന്നിലുള്ളതെന്നും കെ.ബാബു ചൂണ്ടികാണിച്ചു.
അത്തച്ചമയ ഘോഷയാത്ര സാധാരണക്കാരായ കലാകാരന്മാർക്ക് ഓണാഘോഷത്തിനുള്ള സാമ്പത്തിക നേട്ടം കൂടി നൽകിയിരുന്നു. എന്നാൽ കലാകാരന്മാർക്കും സംഘാടകർക്കും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എല്ലാ മനുഷ്യർക്കും വലിയ നഷ്‌ടബോധമാണ് ഇത്തവണത്തെയും അത്ത ദിനം സമ്മാനിച്ചത്.
ALSO READ:അത്ത നിറവില്‍ മലയാളി ; സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആഘോഷം
രാജഭരണ കാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാ വ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നള്ളത്താണ് അത്തച്ചമയമെന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ എഴുന്നള്ളത്ത് അവസാനിച്ചുവെങ്കിലും അത്തച്ചമയ ഘോഷയാത്ര ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു.