തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമായി. 8.45ന് ഗവർണർ രാജ്ഭവനിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടു. 8.52ന് നിയമസഭയുടെ കിഴക്കേക്കവാടത്തിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രി, സ്‌പീക്കർ, പാർലമെന്‍ററികാര്യ മന്ത്രി എന്നിവർ ചേർന്ന് സഭയ്ക്കുള്ളിലേക്ക് ആനയിച്ചു.
നിയമസഭ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്. പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 23 മുതല്‍ മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 25, ഫെബ്രുവരി 1, 2 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി 3ന് ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്.
ഫെബ്രുവരി 6 മുതല്‍ 8 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടത്തും. തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ രണ്ടാഴ്‌ച വിവിധ സബ്‌ജക്‌ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകള്‍ സൂക്ഷ്‌മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെയുള്ള കാലയളവില്‍ 13 ദിവസം, 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നുവെന്നും സ്‌പീക്കർ എ എന്‍ ഷംസീര്‍ ഇന്നലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്‍റെ ആയുധങ്ങൾ: ഗവർണറും സർക്കാരും തമ്മിലെ തർക്കങ്ങളും അനുനയവും, പൊലീസ് - ഗുണ്ട ബന്ധവുമെല്ലാം ഭരണപക്ഷത്തിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ബഫർസോൺ, പൊലീസ് ഗുണ്ട ബന്ധം, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും.