തിരുവനന്തപുരം: ഇരുമുന്നണികളേയും മാറി മാറി പിന്തുണയ്ക്കുന്നതാണ് കേരളത്തിന്‍റെ തെക്കേയറ്റത്തെ മണ്ഡലമായ പാറശാലയുടെ വോട്ട് ചരിത്രം. എട്ട് തവണ കോണ്‍ഗ്രസിനെയും അഞ്ച് തവണ സിപിഎമ്മിനെയും അനുഗ്രഹിച്ച പാരമ്പര്യമാണ് മണ്ഡലത്തിലുള്ളത്. രണ്ട് തവണ സ്വതന്ത്രരാണ് പാറശാലയെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയത്. 2009ലെ മണ്ഡലം പുനര്‍ നിര്‍ണയത്തിനു ശേഷം പാറശാലയുടെ ഘടന മാറി മറിഞ്ഞു. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ചരിത്രം കുറിച്ചപ്പോള്‍ പാറശാലയില്‍ വിജയിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ച എം. കുഞ്ഞികൃഷ്ണന്‍ നാടാരായിരുന്നു. 1960ലെ തെരഞ്ഞെടുപ്പില്‍ കുഞ്ഞികൃഷ്ണന നാടാര്‍ വീണ്ടും വിജയം നേടി. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് പ്രതിനിധിയായല്ല നിയമസഭയില്‍ എത്തിയത്, സ്വതന്ത്രനായാണ്. 1967ലെ തെരഞ്ഞെടുപ്പിലും വിജയം കോണ്‍ഗ്രസിനൊപ്പം തന്നെയായിരുന്നു.
പാറശാലയിൽ ത്രികോണ മത്സരം; പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ
എൽഡിഎഫിനായി സികെ ഹരീന്ദ്രനാണ് മത്സര രംഗത്തുള്ളത്. യുഡിഎഫിനായി ജില്ലാ പഞ്ചായത്തംഗമായ അന്‍സാജിത റസല്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായി എത്തിയപ്പോൾ കഴിഞ്ഞ തവണ മത്സരിച്ച കരമന ജയന്‍ തന്നെയാണ് ഇത്തവണയും എൻഡിഎക്കായി മത്സരിക്കുന്നത്
1970ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പാറശാല മണ്ഡലത്തില്‍ ആദ്യമായി സിപിഎം വിജയിക്കുന്നത്. എം.സത്യനേശനായിരുന്നു അന്ന് പാറശാല ചുവപ്പിച്ചത്. 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം.കുഞ്ഞികൃഷ്ണന്‍ നാടാരിലൂടെ കോണ്‍ഗ്രസ് വീണ്ടും പാറശാല പിടിച്ചു. 1980ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍.സുന്ദരന്‍ നാടാര്‍ വിജയിക്കുകയും കരുണാകരന്‍ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയാവുകയും ചെയ്തു. 1987 സത്യനേശനിലൂടെ സിപിഎം വീണ്ടും പറാശാല നേടി. എന്നാല്‍ 1991ല്‍ രഘുചന്ദ്രപാലിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചു. 1996ല്‍ ഇരു മുന്നണികളേയും ഞെട്ടിച്ച് എന്‍.സുന്ദരന്‍ നാടാര്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു. 2006ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും സുന്ദരന്‍ നാടാര്‍ വിജയം ആവര്‍ത്തിച്ചു. 2006ല്‍ ആര്‍. സെല്‍വരാജിലൂടെ സിപിഎം വീണ്ടും വിജയം നേടി. എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ സെല്‍വരാജിന് സിപിഎം പാറശാലയില്‍ സീറ്റ് നല്‍കിയില്ല. മണ്ഡലം പുനര്‍ നിര്‍ണയത്തിനു ശേഷം 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അനാവൂര്‍ നാഗപ്പന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.ടി ജോര്‍ജിനോട് 505 വോട്ടിന് പരാജയപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ടി.ജോര്‍ജിനെ 18,926 വോട്ടിന് സിപിഎമ്മിലെ സികെ ഹരീന്ദ്രന്‍ അട്ടിമറിച്ചു. ഇത്തവണയും പാറശാലയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സിപിഎമ്മിനായി സികെ ഹരീന്ദ്രന്‍ തന്നെയാണ് മത്സര രംഗത്തുള്ളത്. യുഡിഎഫിനായി ജില്ലാ പഞ്ചായത്തംഗമായ അന്‍സാജിത റസല്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായി എത്തി. കഴിഞ്ഞ തവണ മത്സരിച്ച കരമന ജയന്‍ തന്നെയാണ് ഇത്തവണയും ബിജെപിക്കായി മത്സരിക്കുന്നത്.
പാറശാല, കൊല്ലയില്‍, കുന്നത്തുകാല്‍, പെരുംങ്കിടവിള, വെള്ളറട, അമ്പൂരി, ആര്യന്‍കോട്, കള്ളിക്കാട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പാറശാല മണ്ഡലം. ഇതില്‍ അഞ്ച് പഞ്ചായത്തുകള്‍ എല്‍ഡിഎഫും മൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫും ഒരു പഞ്ചായത്ത് ബിജെപിയുമാണ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ ഞെട്ടിച്ചാണ് ബിജെപി കള്ളിക്കാട് പഞ്ചായത്ത് ഭരണം പിടിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അന്‍സജിത റസ്സല്‍ വെള്ളറട ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് സിപിഎം ജനങ്ങളെ സമീപിക്കുമ്പോള്‍ മണ്ഡലത്തില്‍ വികസന മുരടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് മണഡലത്തില്‍ 1,200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനായി എന്നാണ് സി.കെ.ഹരീന്ദ്രന്റെ അവകാശവാദം. എന്നാല്‍ വികസനമെന്ന സി.കെ.ഹരീന്ദ്രന്റെ അവകാശവാദം വെറും പൊള്ളയാണെന്ന വിമര്‍ശനമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മണ്ഡലത്തിലെത്തിക്കുമെന്ന വാഗ്ദാനമാണ് ബിജെപി സ്ഥാനാര്‍ഥി മുന്നോട്ട് വയ്ക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊഴുക്കുമ്പോള്‍ പാറശാലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപാറുകയാണ്.