തിരുവനന്തപുരം: പുരയിടത്തിലേക്കുള്ള വഴിയെച്ചൊല്ലി മംഗലപുരത്ത് ആക്രമണം. മംഗലപുരം കുറക്കോട് സമീനാ ബീവിയുടെ ഉടമസ്ഥതയിലുള്ള വീടിന്‍റെ ചുറ്റുമതിൽ ഗുണ്ടാസംഘം തകർത്തു. സമീന ബീവിയുടെ ഭർത്താവ് നിസാമുദ്ദീന്‍റെ സഹോദരൻ സൈഫുദ്ദീന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് കുടുംബം ആരോപിക്കുന്നു.
മംഗലപുരത്ത് പകല്‍ ഗുണ്ടാവിളയാട്ടം; അക്രമത്തിന് കാരണം സഹോദരന്മാർ തമ്മിലുള്ള വസ്തു തർക്കം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടി സൈഫുദ്ദീനും ഗുണ്ടകളും ചേർന്ന് നിസാമുദ്ദീന്‍റെ വീടിന്‍റെ ചുറ്റുമതിൽ ഇടിച്ച് തകർക്കുകയും ഇത് തടയാൻ ശ്രമിച്ച നിസാമുദ്ദീന്‍റെ മകൾ ഷംന (13)യെയും ഭാര്യ മാതാവ് സൗദാ ബീവി (63)യെയും മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് ഇവർ മംഗലപുരം പൊലീസിൽ പരാതി നൽകി.
എന്നാൽ രാത്രി എട്ട് മണിയോട് നിസാമുദ്ദീനെ തല്ലാനായി സൈഫുദ്ദീൻ അയച്ച ഗുണ്ടകൾ ആളുമാറി നിസാമുദ്ദീന്‍റെ ബന്ധുക്കളായ മുനീർ, മുഹമ്മദ് ഷാഫി എന്നിവരെ ക്രൂരമായി മർദ്ദിച്ചു. തലയ്ക്കും കാലിനും ഗുരുതര പരിക്കുപറ്റിയ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിപ്പെട്ടിട്ടും കേസ് എടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്ന് വീട്ടുകാർ പറയുന്നു. നിസാമുദ്ദീന്‍റെ പുരയിടത്തിൽ കടക്കുകയോ നാശനഷ്ടം വരുത്തുകയോ ചെയ്യാൻ പാടില്ല എന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് സൈഫുദ്ദീന്‍റെ ഗുണ്ടായിസം നടത്തിയതെന്നും വീട്ടുകാർ ആരോപിച്ചു.
മംഗലപുരം പഞ്ചായത്തിന്‍റെ അനുമതിയോടെയാണ് വീട്ടുകാർ മതിൽ കെട്ടിയത്. ഇതാണ് ഒരു സംഘം ഗുണ്ടകൾ ഇടിച്ച് നിരത്തിയത്. മതിൽ ഇടിക്കുന്നതിന്‍റെയും ഗുണ്ടകൾ മർദ്ദിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.
രണ്ട് ദിവസം മുൻപ് സൈഫുദ്ദീൻ അയച്ച ഗുണ്ടകൾ നിസാമുദ്ദീന്‍റെ വീടെന്ന് തെറ്റിദ്ധരിച്ച് അയൽവാസിയായ സിദ്ദീഖിന്‍റെ വീടിന്‍റെ മതിൽ ഇടിച്ച് നിർത്തിയിരുന്നു. ഇതിനെതിരെ സിദ്ദീഖ് മംഗലപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്