തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ് തിരുവോണ ദിവസം നടക്കുന്ന ഓണവില്ല് സമർപ്പണം. പള്ളിവില്ല് സമർപ്പണം എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നതെങ്കിലും ഓണനാളിൽ നടക്കുന്നതിനാൽ അത് പിന്നീട് ഓണവില്ല് സമർപ്പണമായി. കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞതാണ് ഓണവില്ല് നിർമ്മാണവും അതിന്‍റെ സമർപ്പണവും.
1. എന്താണ് ഓണവില്ല്
വിശ്വകർമ്മ ദേവനാൽ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അതിവിശിഷ്ടമായ ചിത്രരചന ശില്പമാണ് ഓണവില്ല്. വില്ല് ആകൃതിയുള്ള പലകയിൽ മഹാവിഷ്ണുവിന്‍റെ വീര ശയനം അവതാരകഥകൾ എന്നിവയാണ് ചിത്രീകരിക്കുന്നത്. വിനായകൻ, ശ്രീകൃഷ്ണലീല, ദശാവതാരം, അനന്തശയനം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ് എന്നിങ്ങനെ ആറ് വില്ലുകളാണ് ഓണവില്ലിന്‍റെ ഭാഗമായി തയാറാക്കുന്നത്.
2. ഓണവില്ലിന് പിന്നിലെ ഐതിഹ്യം
മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിനു മുമ്പ് മഹാവിഷ്ണുവിനോട് വിശ്വരൂപം കാണണമെന്ന് അപേക്ഷിച്ചിരുന്നു. ഇതുപ്രകാരം വിശ്വരൂപം ഒപ്പം ദർശിച്ചശേഷം ഒരു ആഗ്രഹം കൂടി മുന്നോട്ടുവച്ചു. കാലാകാലങ്ങളിൽ ഭഗവാൻ എടുക്കുന്ന അവതാരങ്ങളെ കുറിച്ച് അറിയണം എന്ന് ആഗ്രഹം ആണ് മുന്നോട്ടുവച്ചത്.
ഇത് പൂർത്തിയാക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിന്‍റെ ദശാവതാരം വിശ്വകർമ്മ ദേവനെ കൊണ്ട് വരപ്പിച്ചുവെന്നും കാലാകാലങ്ങളിൽ മഹാവിഷ്ണു സന്നിധിയിൽ ഇത്തരത്തിൽ അവതാരകഥകൾ കാലാകാലങ്ങളിൽ വരച്ച് സമർപ്പിക്കണമെന്നും ഇതിലൂടെ ഓണനാളിൽ എത്തുന്ന മഹാബലിക്ക് എല്ലാ അവതാരങ്ങളും കാണാൻ കഴിയുമെന്നും നിർദേശം നൽകി ഇതാണ് ഓണവില്ലെന്നാണ് ഐതിഹ്യം.
3. എങ്ങനെയാണ് ഓണവില്ല് നിർമ്മിക്കുന്നത്
ദേവഗണത്തിൽ പെടുന്ന കടമ്പ് മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയിലാണ് ഓണവില്ല് നിർമ്മിക്കുന്നത്. പ്രത്യേക പൂജകൾക്കു ശേഷം മരം മുറിച്ച് 21 ദിവസം സൂക്ഷിക്കുന്നു. തുറന്ന പ്രധാന വില്ലിന് 4.5 അടി നീളവും 6 ഇഞ്ച് വീതിയും അരയിഞ്ച് കനത്തിലും വില്ല് തയാറാകുന്നു. മറ്റു വില്ലുകൾ ആയാൽ നരസിംഹമൂർത്തി ശ്രീരാമപട്ടാഭിഷേകം ശാസ്താവ് എന്നീ ദേവൻമാരുടെ ചിത്രങ്ങൾ വയ്ക്കുന്നതിന് 4 അടി നീളവും 5 ഇഞ്ച് വീതിയും അരയിഞ്ച് കനത്തിലും ശ്രീകൃഷ്ണൻ, വിനായകൻ എന്നീ ദേവൻമാരുടെ ചിത്രങ്ങൾ വരക്കുന്നതിന് 3.5 അടി നീളവും 4 ഇഞ്ച് വീതിയും അരയിഞ്ച് കനത്തിലും വില്ല് തയ്യാറാക്കുന്നു.
പഞ്ചവർണ്ണം ആണ് ചിത്രങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. പച്ച നിറം മഹാമനസ്കത, ദയ എന്നിവയേയും ചുവപ്പ് ധൈര്യം, സ്നേഹം എന്നിവയേയും മഞ്ഞ അറിവിനെയും നീല ആർജ്ജവത്തെയും കറുപ്പ് കാഠിന്യത്തേയും വെളുപ്പ് പരിശുദ്ധി സമാധാനം എന്നിവയേയും ഓറഞ്ച് ദൈവികതയും പ്രതിനിധീകരിക്കുന്നു. വെള്ള മണ്ണ്, ചെമ്മണ്ണ്, കരിപ്പൊടി, മഞ്ഞൾപ്പൊടി, ഇലച്ചാറുകൾ എന്നിവയാണ് നിറങ്ങൾ ആയി ഉപയോഗിക്കുന്നത്.