തിരുവനന്തപുരം:സർവകലാശാലകളിലെ നിയമന വിവാദം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ വാക്‌പോര്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണ് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്. കേരളത്തിലെ സർവകലാശാലകളിലെ നേട്ടങ്ങൾ പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്.
അതിലെ മൂന്നാംകിട കുശുമ്പുകൊണ്ട് നേട്ടങ്ങളുടെ ശോഭ കെടുത്താനുള്ള നിക്ഷിപ്‌ത താല്‍പര്യക്കാരുടെ ശ്രമമാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. സർവകലാശാലകളെ ആകെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ സംഘപരിവാറുകാരെ നിയമിച്ചത് പോലെ കേരളത്തിലും ഇതിനായി ശ്രമം നടക്കുന്നു.
കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ സമീപനം കൊണ്ടാണ് ഇതിനെ പിന്തുണയ്‌ക്കുന്നത്. ഇത് ശരിയായ നടപടിയാണോയെന്ന് ചിന്തിക്കണം. യുഡിഎഫ് കാലത്ത് സ്‌കൂൾ അധ്യാപകനെ വരെ വിസിയായി നിയമിച്ചതായും മന്ത്രി പറഞ്ഞു.
ഈ ആരോപണങ്ങളിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സവർക്കറുടേയും ഗോൾവാക്കറുടേയും പുസ്‌തകം കുട്ടികളോട് പഠിപ്പിക്കാൻ പറഞ്ഞ വിസിയെ വച്ചു കൊണ്ടാണ് കോൺഗ്രസിന് മൃദു ഹിന്ദുത്വ സമീപനം എന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി നൽകി. കണ്ണൂർ വിസി നിയമനത്തിൽ സർക്കാറും ഗവർണറും തമ്മിൽ ധാരണയായിരുന്നു.