തിരുവനന്തപുരം: മദ്യവിൽപന ഓൺലൈനാക്കാൻ തയ്യാറെടുപ്പുകളുമായി ബിവറേജസ് കോർപ്പറേഷൻ. ശബരിമല മാതൃകയിൽ വെർച്ച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തും. ഇതിനായി ആപ്ലിക്കേഷൻ നിർമിക്കാൻ ബിവറേജസ് കോർപ്പറേഷൻ നിർദേശം നൽകി. എം.ഡി സ്‌പർജൻ കുമാർ സംസ്ഥാന സർക്കാരിന്‍റെ സ്റ്റാർട്ടപ്പ് മിഷനാണ് കത്ത് നൽകിയത്.
മദ്യവിൽപന ഓൺലൈനിൽ; ആപ്പ് ഉടൻ - ബിവറേജസ് കോർപ്പറേഷൻ
സർക്കാർ നിർദേശം നൽകിയാൽ ഉടൻ തന്നെ മദ്യവിൽപന തുടരാനുള്ള ഒരുക്കങ്ങളാണ് ബിവറേജസ് നടത്തുന്നത്. ഇതിനായി ആപ്ലിക്കേഷൻ നിർമിക്കാൻ നിർദേശം നൽകി.
ലോക്ക് ഡൗൺ കഴിഞ്ഞ് മദ്യവിൽപന ആരംഭിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനും ബിവറേജസ് ഷോപ്പുകൾക്ക് മുന്നിലുള്ള തിരക്ക് ഒഴിവാക്കാനുമാണ് ഓൺലൈൻ ടോക്കൺ സംവിധാനം ഒരുക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനിലോ എസ്.എം.എസ് വഴിയോ ടോക്കണുകൾ എടുത്ത ശേഷം ഷോപ്പിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌ത് മദ്യം നൽകുകയാണ് ലക്ഷ്യമിടുന്നത്. ഒരിക്കൽ മദ്യം വാങ്ങുന്നവർക്ക് അടുത്ത അഞ്ച് ദിവസം അപേക്ഷിക്കാൻ കഴിയില്ല. ഇത്തരത്തിൽ വേണം ആപ്ലിക്കേഷൻ തയറാക്കാനെന്നാണ് കോർപ്പറേഷൻ നൽകിയ നിർദേശം. രജിസ്റ്റർ ചെയ്യുന്നവർക്ക് അടുത്തുള്ളതും തിരക്ക് കുറഞ്ഞതുമായ ഷോപ്പുകൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. ഇത്തരം ആപ്ലിക്കേഷനുകൾ തയാറാക്കിയിട്ടുള്ള സ്റ്റാർട്ടപ്പുകൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. സർക്കാർ നിർദേശം നൽകിയാൽ ഉടൻ തന്നെ മദ്യവിൽപന തുടരാനുള്ള ഒരുക്കങ്ങളാണ് ബിവറേജസ് നടത്തുന്നത്.