തിരുവനന്തപുരം:വയനാട് മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ അക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമം നടത്തിയത് യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരാണ്. ലഹരി സംഘങ്ങള്‍ക്കെതിരായ അപര്‍ണ ഗൗരിയുടെ നിലപാടാണ് ഈ ആക്രമണത്തിന് കാരണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
30 ഓളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥി സംഘം അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്‌ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും, തല ചുമരിലിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താന്‍ പലപ്പോഴും മയക്കുമരുന്നിന് അടിമകളായവര്‍ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ മേപ്പാടി കോളജില്‍ ലഹരിക്കെതിരായ 'നോ ടു ഡ്രഗ്‌സ്' കാമ്പയിന്‍ ഏറ്റെടുത്തത്. ഇതിനിടെയാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത്.
എസ്എഫ്ഐയും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടുകെട്ടായ യുഡിഎസ്എഫുമാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. ട്രബിയോക്ക് എന്ന കൂട്ടായ്‌മ യുഡിഎസ്എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയ തോതില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായി.