തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി പാറയിൽ സാജന്‍റെ കൺവെൻഷൻ സെന്‍ററുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എംഎൽഎ കത്ത് നൽകിയെന്ന് സ്ഥിരീകരിച്ച് മന്ത്രി കെടി ജലീൽ. ഉദ്യോഗസ്ഥരെ സംബന്ധിച്ച പരാതിയായിരുന്നു കത്തിലുണ്ടായിരുന്നതെന്നും എംവി ഗോവിന്ദൻ തന്‍റെ പേഴ്സണൽ സ്റ്റാഫിനെ വിളിച്ചതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം വിഷയത്തിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍റെ ഇടപെടൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ആന്തൂർ കേസ്; ജയിംസ് മാത്യു എംഎൽഎ കത്ത് നൽകിയെന്ന് സ്ഥിരീകരിച്ച് മന്ത്രി കെടി ജലീൽ - ജയിംസ് മാത്യു എംഎൽഎ
നഗരസഭ അധ്യക്ഷയെ രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് അന്ന് തദ്ദേശമന്ത്രിയായിരുന്ന കെടി ജലീലിന് നൽകിയിരുന്നെന്നാണ് ജെയിംസ് മാത്യു എംഎൽഎ സിപിഎം സംസ്ഥാന സമിതിയെ അറിയിച്ചത്. എന്നാൽ താൻ കത്ത് നൽകിയതിന് പിന്നാലെ എംവി ഗോവിന്ദൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചത് എന്തിനാണെന്നും ജെയിംസ് മാത്യു സംസ്ഥാന സമിതിയിൽ ചോദിച്ചിരുന്നു. ജെയിംസ് മാത്യുവിന്‍റെ നിവേദനം കിട്ടിയിരുന്നെന്ന് മന്ത്രി കെ ടി ജലീൽ സമ്മതിച്ചു. തുടർ നടപടിക്കായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയ മന്ത്രി പിന്നീട് താൻ വകുപ്പ് മാറിയത് കൊണ്ട് ആ ഫയലിനെ കുറിച്ചുള്ള നടപടികൾ അന്വേഷിച്ചില്ലെന്നും പറഞ്ഞു.
അതേസമയം വിഷയത്തിൽ ജെയിംസ് മാത്യുവിന്‍റെ ഇടപെടലിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. നഗരസഭ അധ്യക്ഷയെ രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാത്തതിന് കാരണം കണ്ണൂരിലെ സിപിഎം വിഭാഗീയതയാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. നിലവിൽ പുറത്തു വരുന്ന വാർത്തകൾ അത്തരം ആരോപണങ്ങൾ കൂടുതൽ ശരിവയ്ക്കുന്നതാണ്.