തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നാല് ഘടക കക്ഷികൾ തമ്മിൽ മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും. 21 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് നാല് മന്ത്രിമാരുമുണ്ടാകും. സ്‌പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം സിപിഐയ്‌ക്കുമാണ്. അതേസമയം എല്‍ജെഡിയ്‌ക്ക് മന്ത്രിസ്ഥാനമില്ല. എൽജെഡി മാത്രമാണ് ഇടതുമുന്നണി മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്ത ഏക ഘടകക്ഷി.
കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ്‌വിപ്പ് പദവിയും നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. എൻസിപി, ജനതാദൾ (എസ്) എന്നീ ഘടകകക്ഷികള്‍ക്കും ഓരോ മന്ത്രിസ്ഥാനം വീതം നല്‍കും. ഒറ്റ എംഎല്‍എമാരുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജു, ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ആദ്യ ടേമിലും കേരള കോൺഗ്രസ് ബിയുടെ ഗണേഷ്‌കുമാര്‍, കോൺഗ്രസ് എസിന്‍റെ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രണ്ടാം ടേമിലും മന്ത്രിമാരാകും. മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു. മന്ത്രിസ്ഥാന വിഭജനം ഭരണഘടനാനുസൃതമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റ മന്ത്രിസ്ഥാനം അംഗീകരിച്ച് ജോസ് കെ.മാണി
രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും മുന്നണി സംവിധാനത്തിലെ പരിമിതി മാനസിലാക്കുന്നതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പ്രതികരിച്ചു. എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനമെന്ന വിശാലമായ തീരുമാനമാണ് സിപിഎം എടുത്തിരിക്കുന്നത്. ഇത് അംഗീകരിക്കുന്നു. പ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയേയും ചീഫ് വിപ്പിനേയും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 27 വര്‍ഷത്തിന്‍റെ കാത്തിരിപ്പിന്‍റെ ഫലമെന്നായിരുന്നു ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന്‍റെ പ്രതികരണം.
തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.ബി ഗണേഷ് കുമാര്‍
മുന്നണി തീരുമാനം അംഗീകരിക്കുന്നതായി കെ.ബി ഗണേഷ് കുമാർ. ഇടതുമുന്നണി യോഗത്തിൽ ഒരു ആവശ്യവും മുന്നോട്ടുവച്ചില്ല. എല്ലാ ഘടകകക്ഷികളും അംഗീകരിക്കുന്ന നിലപാട് സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.