തിരുവനന്തപുരം:കോൺഗ്രസിലെ പദവികൾ രാജിവച്ച് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി. എഐസിസിയുടെയും കെപിസിസിയുടെയും ഡിജിറ്റൽ കമ്യൂണിക്കേഷൻ വിഭാഗത്തിലെ പദവികളാണ് അനിൽ ആന്‍റണി രാജിവച്ചത്. ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്‍ററി വിഷയത്തില്‍ ബിബിസിയെ കഴിഞ്ഞ ദിവസം അനിൽ ആന്‍റണി വിമർശിച്ചിരുന്നു.
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടി ആണെന്നുമായിരുന്നു അനിൽ വിവാദത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്‌തത്. ഡോക്യുമെന്‍ററി മുൻനിർത്തി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രചരണം സംഘടിപ്പിക്കുന്നതിനിടയാണ് മുതിർന്ന നേതാവ് എ കെ ആന്‍റണിയുടെ മകൻ തന്നെ വിരുദ്ധമായ നിലപാട് സ്വീകരിച്ചത്.
ഇത് കോൺഗ്രസിനുള്ളിൽ വലിയ വിവാദമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾ രൂക്ഷ വിമർശനമാണ് അനിൽ ആന്‍റണിക്കെതിരെ ഉന്നയിച്ചത്. അനില്‍ ആന്‍റണിയെ പദവികളിൽ നിന്ന് പുറത്താക്കണമെന്നു വരെ റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടിരുന്നു.