തിരുവനന്തപുരം : ദേശീയ തലത്തില്‍ വന്‍ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നതിനിടെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശം. വലിയ പ്രതീക്ഷയോടെ കര്‍ണാടക തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് മുന്നേറുന്നതിനിടെയാണ് തൊട്ടടുത്ത സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസിനെ പുച്ഛിച്ചുതള്ളി ബിജെപിയെ വരിക്കുന്നതെന്നത് അവിടെയും പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ്.
ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം പൂര്‍ണമായി മാറ്റിയ ശേഷം എന്നും കോണ്‍ഗ്രസിന്‍റെ അവസാന വാക്കായി മുതിര്‍ന്ന നേതാക്കളും ഗാന്ധി കുടുംബവും കണക്കാക്കിയിരുന്ന നേതാവ് കൂടിയായിരുന്നു എ കെ ആന്‍റണി. മാത്രമല്ല, 2004 മുതല്‍ 2014 വരെ കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരിലെ രണ്ടാമന്‍ കൂടിയായി അറിയപ്പെട്ടിരുന്ന ദേശീയ തലത്തിലെ കോണ്‍ഗ്രസ് മുഖങ്ങളിലൊന്നായിരുന്നു എ കെ ആന്‍റണി. അത്തരമൊരു നേതാവിന്‍റെ മകനെ തങ്ങളുടെ പാളയത്തിലെത്തിച്ചതിലൂടെ ലോക്‌സഭ തെരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഒരു വര്‍ഷം മാത്രം ശേഷിക്കെ കേരളത്തിലും ഇന്ത്യയിലും കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ബിജെപി വിലയിരുതത്തുന്നത്.
കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അടിത്തറയിളക്കാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ 2014 മുതല്‍ ബിജെപി കേന്ദ്ര നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചിട്ടും ആ നീക്കം അവര്‍ക്ക് വിജയത്തിലെത്തിക്കാനായിട്ടില്ല. കേരളത്തിലെ പരമ്പരാഗത ബിജെപി നേതാക്കളിലൂടെയല്ലാതെ ജനകീയ അടിത്തറയുള്ള കോണ്‍ഗ്രസ് നേതാക്കളെ എത്തിച്ച് ഇവിടെ ബിജെപിക്ക് വേരുറപ്പിക്കാനുള്ള നീക്കം ഒരിക്കലും ഫലം കണ്ടിരുന്നില്ല. പല പ്രമുഖരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാനത്തെ പല ബിജെപി അധ്യക്ഷന്‍മാരും പലപ്പോഴും പ്രഖ്യാപിക്കുകയും അമിത് ഷാ നേരിട്ട് കരുക്കള്‍ നീക്കുകയും ചെയ്‌തിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ മുന്‍ നിര നേതാക്കളില്‍ ഒരാളെ പോലും ആ പാര്‍ട്ടിയില്‍ എത്തിക്കാനായിട്ടില്ല.
കോണ്‍ഗ്രസ് നേതാക്കളെ എത്തിച്ച് സംസ്ഥാനം പിടിക്കുക എന്ന നീക്കം കേരളത്തില്‍ ബിജെപിക്ക് നടക്കാത്ത സ്വപ്‌നമായി അവശേഷിക്കുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രസിലും പൊതുസമൂഹത്തിലും ശക്തമായ ജനകീയാടിത്തറയുള്ള എ കെ ആന്‍റണി എന്ന മുതിര്‍ന്ന നേതാവിന്‍റെ മകനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്. ഇതിലൂടെ ഉടനെ കുറെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന പ്രതീക്ഷ അവര്‍ക്കുമില്ലെങ്കിലും ക്രിസ്ത്യന്‍ മതന്യൂന പക്ഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ഒരു പ്രമുഖ വ്യക്തിയുടെ വരവ് കേരള രാഷ്ട്രീയത്തില്‍ ബിജെപിക്കുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപക ഫലം ബിജെപി മുന്‍ കൂട്ടി കാണുന്നു.
ഏതാണ്ട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച അവസ്ഥയിലെത്തി നില്‍ക്കുന്ന എ കെ ആന്‍റണിക്കും മകന്‍റെ നീക്കം കനത്ത വെല്ലുവിളിയാണ്. 3 മാസങ്ങള്‍ക്ക് മുന്‍പ് കെപിസിസി സോഷ്യല്‍ മീഡിയ വിഭാഗം കണ്‍വീനര്‍ സ്ഥാനത്തിരിക്കെ ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ പിന്തുണച്ച് പ്രസ്‌താവന ഇറക്കിയപ്പോള്‍ തന്നെ അനില്‍ ആന്‍റണിയുടെ ലക്ഷ്യം വ്യക്തമായിരുന്നു. എന്‍ജിനീയറിങ്ങിലടക്കം ഉന്നത ബിരുദം നേടിയ അനില്‍ ആന്‍റണി ഒന്നും കാണാതെ ഇങ്ങനെ പറയില്ലെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു.
പിന്നാലെ, രാഹുല്‍ ഗാന്ധിയെ തന്നെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തി തന്‍റെ ലക്ഷ്യം അനില്‍ കൂടുതല്‍ സ്‌പഷ്‌ടമാക്കിക്കൊണ്ടിരുന്നു. ബിജെപി അനുകൂല മാധ്യമങ്ങളിലൂടെ നിരന്തരം കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരുന്നതിന്‍റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. തീയതി വ്യക്തമായിരുന്നില്ലെങ്കിലും അനില്‍ ബിജെപിയിലെത്തുമെന്നത് ഉറപ്പായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസിന്‍റെ കരണത്ത് പ്രഹരമേല്‍ച്ചിച്ച് അനില്‍ ശത്രുപാളയത്തിലെത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലും അതുണ്ടാക്കുന്ന ക്ഷീണം ചെറുതാകില്ല.
ഏപ്രില്‍ 11ന് രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം വന്‍ പരിപാടിയാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയൊരുക്കുന്നതിനിടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ ബിജെപിയിലെത്തിയത് രാഹുലിന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രഭയ്ക്കുമേലും കരിനിഴല്‍ പരത്തുമെന്ന് ബിജെപിക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാം.