തിരുവനന്തപുരം: 'അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ തലവനാക്കിയത് ആര്..?' - അനിലിന്റെ ബിജെപി കൂടുമാറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്ന പ്രധാന ചര്‍ച്ച ഇതാണ്. കെഎസ്യുവിലോ യൂത്ത് കോണ്‍ഗ്രസിലോ കോണ്‍ഗ്രസിന്റെ ഏതെങ്കിലും തലങ്ങളിലോ പ്രവര്‍ത്തിക്കാത്ത ഇദ്ദേഹം എല്ലാവരെയും ഞെട്ടിച്ചാണ് ഈ പദവിയില്‍ എത്തിയതെന്നും ചര്‍ച്ചകളില്‍ ഉയരുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. മകനെ സജീവ രാഷ്ട്രീയത്തിലിറക്കാന്‍ സാക്ഷാല്‍ എകെ ആന്റണി തന്നെ അണിയറയില്‍ ചരടുവലിച്ചുവെന്ന് ആരോപിക്കുന്നവരും കുറവല്ല. ഈ പദവിയിലേക്ക് എല്ലാ മാനദണ്ഡങ്ങളും മറികടന്ന് കയറിപ്പറ്റിയപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രത്യേകിച്ചും യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലും അന്ന് അതൃപ്തിയുടെ വേലിയേറ്റം തന്നെയുണ്ടായിരുന്നു. പക്ഷേ, അന്നും മൗനം എന്ന പതിവുതന്ത്രത്തില് ആന്റണി ആ എതിര്‍പ്പുകളെ മറികടന്നു. ഇപ്പോള്‍ ബിജെപിയിലേക്ക് അനില്‍ എത്തുമ്പോള്‍ എന്തിന് അന്ന് ആ സ്ഥാനത്ത് അതുവരെയില്ലാത്ത പുതിയ പദവി സൃഷ്ടിച്ച് അവരോധിച്ചു എന്നൊരു ചോദ്യം ഉയരുന്നുണ്ട്.
'കെപിസിസി തലപ്പത്ത് ഇരുത്താനും നീക്കം നടന്നു..!':2019ലാണ് അനില്‍, കെപിസിസി ഐടി സെല്‍ മേധാവിയാകുന്നത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് മുന്‍കൈ എടുത്താണ് അനിലിനെ പദവിയില്‍ പ്രതിഷ്ഠിച്ചത്. പക്ഷേ, നിയമനത്തിന് പിന്നില്‍ മുല്ലപ്പള്ളിയല്ലെന്നും വാദമുയരുന്നുണ്ട്. 2019ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ എഐസിസി രൂപീകരിച്ച ഐടി വിഭാഗത്തിലുണ്ടായിരുന്നു അനില്‍. അതിലെ പ്രവര്‍ത്തനമികവ് കണ്ട് എഐസിസി നിര്‍ദേശിച്ചതുപ്രകാരമാണ് അദ്ദേഹത്തെ നിയമിച്ചതെന്നുമാണ് മുല്ലപ്പള്ളിയോട് അടുപ്പമുള്ളവര്‍ ഇപ്പോള്‍ വാദിക്കുന്നത്.
എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിയും അന്ന് സ്ഥിരതാമസം ഡല്‍ഹിയിലായിരുന്നു. ആന്റണിയുടെ ഭാര്യ മുല്ലപ്പള്ളിയുടെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. എന്ന് മാത്രമല്ല, എല്ലാ ദിവസവും ഇരുവരും ഒരുമിച്ചാണ് പ്രഭാത സവാരി നടത്തിയിരുന്നത്. ഈ ബന്ധത്തിലാണ് മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായതും അനില്‍ ഐടി സെല്‍ മേധാവിയായതുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഒരു ഘട്ടത്തില്‍ അനിലിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കം പോലും അന്ന് ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു.