നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കുമ്പോൾ ബിജെപി പ്രവർത്തകർക്ക് ആവേശമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തലശേരിയിലെ പ്രചാരണ പരിപാടി ഉപേക്ഷിച്ച് തൃപ്പൂണിത്തുറയിലാണ് അമിത് ഷാ ആദ്യമെത്തിയത്. പിന്നീട് കൊല്ലത്തും പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത അമിത് ഷാ സംസ്ഥാന സർക്കാരിന് എതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സർക്കാർ ഇടപെടാൻ പാടില്ലെന്നും അവ വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ആക്രമിച്ച അമിത് ഷാ കേരളം അഴിമതിയുടെ കേന്ദ്രമായെന്ന ആരോപണവും നടത്തി. ബിജെപി സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്നാണ് നേരത്തെ തലശേരിയില്‍ തീരുമാനിച്ചിരുന്ന പ്രചാരണ പരിപാടി അമിത് ഷാ ഉപേക്ഷിച്ചത്.
ബിജെപി നേതാക്കൾ പ്രചാരണത്തില്‍ ഉടനീളം ശബരിമല വിഷയം ഏറ്റെടുത്തതോടെ കോൺഗ്രസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇരട്ട വോട്ട് വിഷയത്തില്‍ ആരോപണം കടുപ്പിച്ചു. ഇരട്ടവോട്ടുകൾ അതീവ ഗുരുതരമായ വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ചെന്നിത്തല പറഞ്ഞത്. അതേസമയം, വോട്ടർമാർ ഒന്നിലേറെ തവണ കമ്പ്യൂട്ടറില്‍ അപേക്ഷിക്കുന്നത് കൊണ്ടാണ് ഇരട്ടിപ്പ് ഉണ്ടാകുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം.
140 മണ്ഡലങ്ങളിലും വോട്ടർപട്ടികയില്‍ വിശദമായ പരിശോധന നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. പക്ഷേ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരിശോധന നടത്തി വ്യാജ വോട്ടർമാരെ കണ്ടെത്തുന്നത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. ഇരട്ട വോട്ട് സിപിഎമ്മിന് എതിരെ യുഡിഎഫ് പ്രചാരണ വിഷയമാക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥർക്കും സംഭവിച്ച വീഴ്‌ചയാണെന്നാണ് എല്‍ഡിഎഫ് വിശദീകരണം.