തിരുവനന്തപുരം: അമ്പൂരി രാഖി വധത്തിൽ പ്രതികളെ കസ്റ്റഡി കാലാവധിക്കുശേഷം കോടതിയിൽ ഹാജരാക്കി. നെയ്യാറ്റിൻകര പഴയകട സ്വദേശിനി രാഖി(30)യെ കൊല ചെയ്‌ത് കുഴിച്ചുമൂടിയ കേസിൽ ഒന്നാംപ്രതി അഖിൽ ആർ നായർ, ഇയാളുടെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ ആർ നായർ, മൂന്നാംപ്രതി ആദർശ് എന്നിവരെയാണ് നെയ്യാറ്റിൻകര ഒന്നാം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയത്.
അമ്പൂരി കൊലപാതകക്കേസ്; പ്രതികളെ കോടതിയിൽ ഹാജരാക്കി - തിരുവനന്തപുരം
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് നെയ്യാറ്റിൻകര ഒന്നാം മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൂന്ന് പ്രതികളേയും ഹാജരാക്കിയത്.
ആറ് ദിവസമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ വേണ്ടിയായിരുന്നു കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവം നടന്ന തട്ടാൻ മൂക്കിൽ അന്വേഷണസംഘം എത്തിച്ചിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച കയർ, മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച മൺവെട്ടി, കമ്പിപ്പാര എന്നിവ പണിതീരാത്ത വീടിന്‍റെ പിറകിൽ നിന്ന് അഖില്‍ കാണിച്ചുകൊടുത്തിരുന്നു. ആദർശിന്‍റെ വീട്ടിൽ നിന്ന് കൃത്യം നടത്തുന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തു. മൃതദേഹം കുഴിച്ചിട്ട പുരയിടത്തിന് സമീപം റബർ തോട്ടത്തിൽ നിന്ന് രാഖിയുടെ ഒരു ചെരുപ്പ് രാഹുൽ കണ്ടെത്തി നൽകി. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രാഖിയുടെ വസ്ത്രങ്ങളും മൊബൈൽ ഫോണിന്‍റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. രാഖിയുടെ ഒരു ചെരുപ്പും സിം കാർഡും ഒഴികെ ബാക്കിയെല്ലാം കണ്ടെടുത്തുവെന്ന് അന്വേഷണസംഘം അറിയിച്ചു.