വ്യവസായ മേഖലയില്‍ മികച്ച വളര്‍ച്ചാനിരക്കെന്ന് ധനമന്ത്രി തിരുവനന്തപുരം:വ്യവസായ മേഖലയില്‍ മികച്ച വളര്‍ച്ചാനിരക്ക്. വിലക്കയറ്റം നേരിടാന്‍ 2000 കോടി. വിപണിയില്‍ സജീവമായ ഇടപെടല്‍ തുടരുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വിലക്കയറ്റ നിരക്ക് കുറവുള്ള സംസ്ഥാനമായി മാറി. വ്യവസായ പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വ്യവസായ മേഖലയ്‌ക്ക് 1259 കോടി വകയിരുത്തി. കേരളം കടക്കെണിയിലല്ലെന്നും ആഭ്യന്തര സംരംഭങ്ങള്‍ അടക്കം തുടങ്ങാന്‍ കൂടുതല്‍ വായ്‌പകള്‍ നല്‍കാനുള്ള സാഹചര്യമുണ്ടെന്നും ധനമന്ത്രി. കയര്‍ വ്യവസായത്തിന് 117 കോടിയും കൈത്തറിയ്‌ക്ക് 54.6 കോടിയും വാണിജ്യത്തിന് ഏഴ് കോടിയും വകയിരുത്തി. കശുവണ്ടി വ്യവസായത്തിനും യന്ത്രങ്ങള്‍ക്കും 58 കോടി രൂപ വകയിരുത്തി.
കിന്‍ഫ്രയ്‌ക്ക് 333 കോടിയും ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴി പാലക്കാട് പദ്ധതിയ്‌ക്ക് 200 കോടിയും വകയിരുത്തി. വ്യവസായ മേഖലയില്‍ അടങ്കല്‍ തുക 1259.66 കോടിയും ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന് 10 കോടി രൂപയും കയര്‍ വ്യവസായ യന്ത്രവത്‌ക്കരണത്തിന് 40 കോടി രൂപയും വകയിരുത്തി.
വ്യവസായിക മേഖലയില്‍ ഉത്‌പന്ന നിര്‍മാണ മേഖലയിലാണ് നിര്‍ണായകമായ വളര്‍ച്ച നിരക്ക് കൈവരിക്കാനായതെന്ന് ധനമന്ത്രി പറഞ്ഞു. 18.9 ശതമാനമാണ് വളര്‍ച്ച നിരക്കെന്നും അദ്ദേഹം വ്യക്തമാക്കി. 2022-23 വര്‍ഷത്തെ ആഭ്യന്തര ഉത്‌പാദനം 9.99 ലക്ഷം കോടിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
ആഭ്യന്തര ഉത്‌പാദനത്തിന്‍റെ വളര്‍ച്ചയോടൊപ്പം തനത് വരുമാനത്തിലുണ്ടായ വളര്‍ച്ച കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 54,955.99 കോടി രൂപയായിരുന്ന തനത് വരുമാനം 2021-22ല്‍ 68,803.03 കോടിയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും ഇത് മികച്ച നേട്ടമാണെന്നും ധനമന്ത്രി പറഞ്ഞു.
പുതിയ വ്യവസായ പദ്ധതികളും വകയിരുത്തിയ തുകയും:സംരംഭങ്ങളെയും വ്യവസായങ്ങളെയും എപിജെ അബ്‌ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ബന്ധിപ്പിക്കാനും ജില്ലകളില്‍ എംഎസ്‌എംഇ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും പരാതി പരിഹാര കമ്മിറ്റികള്‍ക്കായി അപ്രൈസല്‍ ഡെസ്‌ക്ക് രൂപീകരിക്കുന്നതിനും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി 39 കോടി രൂപ വകയിരുത്തി. കൈത്തറി സംഘങ്ങളുടെ ആധുനിക വത്ക്കരണത്തിനും മൂല്യ വര്‍ധിത ഉത്‌പന്നങ്ങളുടെ പ്രോത്സാഹനത്തിനുമായി 5.50 കോടി രൂപ വകയിരുത്തി. കണ്ണൂര്‍ ജില്ലയിലെ നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റയില്‍ സെന്‍ററില്‍ ഒരു പരിസ്ഥിതി സൗഹൃദ ഡൈയിങ് ആന്‍റ് പ്രിന്‍റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി എട്ട് കോടി രൂപ വകയിരുത്തി.
വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 31.75 കോടി രൂപയും കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ആകെ 122.50 കോടിയും കെഎസ്‌ഐഡിസി മുഖേന വ്യാവസായിക വളര്‍ച്ച കേന്ദ്രങ്ങള്‍ക്ക് ആകെ 11.25 കോടി രൂപയും വകയിരുത്തി. പൊട്രോകെമിക്കല്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 44 കോടി രൂപ വകയിരുത്തി. പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ റൈസ് ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ 10 കോടി രൂപയും തൊടുപുഴ മുട്ടത്തെ സ്‌പൈസ് പാര്‍ക്കിന് 4.50 കോടി രൂപയും എംഎസ്‌എംഇയ്‌ക്ക് ഉത്‌പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള എക്‌സിബിഷന്‍ സെന്‍ററിനായി അഞ്ച് കോടി രൂപയും ടെക്‌സ്റ്റയില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്കായി 266.90 കോടി രൂപയും ഔട്ട്‌സോഴ്‌സ് സെമികണ്ടക്‌ടര്‍സ് അസംബ്ലി ആന്‍റ് ടെസ്റ്റിങ് ഫെസിലിറ്റി പദ്ധതിക്കായി 10 കോടി രൂപയും വകയിരുത്തി.