തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി എട്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കി മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. സ്വാഭാവിക അഭിനയത്തിന്‍റെ മികവിന് വിൻസി അലോഷ്യസിന് ആദ്യ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. രേഖ എന്ന ചലച്ചിത്രത്തിൽ തനിമയാർന്ന സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും സ്വാഭാവികമായി അവതരിപ്പിച്ചതായി വിൻസിയുടെ അഭിനയ മികവിനെ ജൂറി വിലയിരുത്തി.
മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്‌മയകരവുമായ ഭാവാവിഷ്‌കാര മികവെന്നായിരുന്നു ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറി മമ്മൂട്ടിയുടെ അഭിനയ മികവിനെ വിലയിരുത്തിയത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കൂടി നേടിയ നൻപകൽ നേരത്ത് മയക്കത്തിനെ അതിർത്തികൾ രൂപപ്പെടുന്നത് മനുഷ്യരുടെ മനസിലാണ് എന്ന യഥാർഥ്യത്തെ പ്രഹേളിക സമാനമായ ബിംബങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന സിനിമയെന്നാണ് ജൂറി വിലയിരുത്തിയത്. ചിത്രം ബഹുതല വ്യാഖ്യാന സാധ്യതകൾ തുറന്നിടുന്നുവെന്നും ജൂറി വിലയിരുത്തി.
കൈനിറയെ അവാര്‍ഡുകളുമായി 'ന്നാ താൻ കേസ് കൊട്':മികച്ച തിരക്കഥാകൃത്ത്, ജനപ്രിയ ചിത്രം ഉൾപ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന് വിവിധ വിഭാഗങ്ങളിലായി ലഭിച്ചത്. ഇല വീഴാ പൂഞ്ചിറക്ക് നാല് പുരസ്‌കാരങ്ങളും സൗദി വെള്ളയ്ക്കയ്ക്ക് മൂന്ന് പുരസ്‌കാരങ്ങളും ലഭിച്ചു. മികച്ച നവാഗത സംവിധായകൻ (ഷാഫി കബീർ), മികച്ച പ്രൊസസിങ് ലാബ്/കളറിസ്റ്റ് (ആഫ്റ്റർ സ്റ്റുഡിയോസ് / റോബർട്ട് ലാങ് സിഎസ്ഐ), മികച്ച ശബ്‌ദരൂപകല്‍പന (അജയൻ അടാട്ട്), മികച്ച ഛായാഗ്രാഹകൻ (മനേഷ് മാധവൻ) എന്നീ പുരസ്‌കാരങ്ങൾ ഇല വീഴാ പൂഞ്ചിറക്ക് ലഭിച്ചു. മികച്ച സ്വഭാവ നടി (ദേവി വർമ്മ), മികച്ച വസ്ത്രാലങ്കാരം (മഞ്ജുഷ രാധാകൃഷ്ണൻ) എന്നീ പുരസ്‌കാരങ്ങൾ സൗദി വെള്ളക്കക്കും ലഭിച്ചു.
മറ്റ് പുരസ്‌കാരങ്ങൾ ഇങ്ങനെ: മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമയുടെ ഭാവനദേശങ്ങൾ (സിഎസ് വെങ്കിടേശ്വരൻ), മികച്ച ചലച്ചിത്ര ലേഖനം - പുനസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്), മികച്ച രണ്ടാമത്തെ ചിത്രം - അടിത്തട്ട് (സംവിധാനം - ജിജോ ആന്‍റണി), മികച്ച സംവിധായകൻ - മഹേഷ് നാരായണൻ (അറിയിപ്പ്), മികച്ച സ്വഭാവ നടൻ - പി.പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്), മികച്ച സ്വഭാവ നടി - ദേവി വർമ്മ (സൗദി വെള്ളക്ക), മികച്ച ബാലതാരം (പെൺ) - തന്മയ സോൾ എ (വഴക്ക്), മികച്ച ബാലതാരം (ആൺ) മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90's കിഡ്‌സ്), മികച്ച കഥാകൃത്ത് - കമൽ കെഎം (പട).
മികച്ച ഛായാഗ്രാഹകൻ - മനേഷ് മാധവൻ (ഇല വീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്), മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - രാജേഷ് കുമാർ ആർ (ഒരു തെക്കൻ തല്ല് കേസ്), മികച്ച ഗാനരചയിതായവ് - റഫീഖ് അഹമ്മദ് (ഗാനം - തിരമാലയാണു നീ..., ചിത്രം - വിഡ്ഢികളുടെ മാഷ്), മികച്ച സംഗീത സംവിധായകൻ - എം ജയചന്ദ്രൻ (ഗാനങ്ങൾ - മയിൽപ്പീലി ഇളകുന്നു കണ്ണാ..., കറുമ്പനിന്നിങ്ങ്... (ചിത്രം - പത്തൊൻപതാം നൂറ്റാണ്ട്), ആയിഷ ആയിഷ... (ചിത്രം-ആയിഷ). മികച്ച പശ്ചാത്തല സംഗീത സംവിധായകൻ - ഡോൺ വിൻസെന്‍റ് (ന്നാ താൻ കേസ് കൊട്), മികച്ച പിന്നണി ഗായകൻ - കപിൽ കപിലൻ (ഗാനം - കനവേ മിഴിയിലൂണാരേ, ചിത്രം - പല്ലൊട്ടി 90s കിഡ്‌സ്), മികച്ച പിന്നണി ഗായിക - മൃദുല വാര്യർ (ഗാനം - മയിൽപ്പീലി ഇളകുന്നു കണ്ണാ..., ചിത്രം - പത്തൊൻപതാം നൂറ്റാണ്ട്).
മികച്ച ചിത്ര സംയോജകൻ - നിഷാദ് യൂസഫ് (തല്ലുമാല), മികച്ച കലാസംവിധായകൻ - ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്), മികച്ച സിങ്ക് സൗണ്ട് - വൈശാഖ് പി വി (അറിയിപ്പ്), മികച്ച ശബ്‌ദമിശ്രണം - വിപിൻ നായർ (ന്നാ താൻ കേസ് കൊട്), മികച്ച പ്രോസസ്സിങ് ലാബ് / കളറിസ്റ്റ് - ഐജിൻ ഡി ഐ ആൻഡ് വിഎഫ്‌എക്‌സ് /ആർ രംഗരാജൻ (വഴക്ക്), മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്‌സ് സേവ്യർ (ഭീഷമപർവ്വം), മികച്ച വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - ഷോബി തിലകൻ (ചിത്രം - പത്തൊമ്പതാം നൂറ്റാണ്ട്, കഥാപാത്രം - പടവീടൻ തമ്പി), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - പൗളി വിൽസൺ (ചിത്രം - സൗദി വെള്ളക്ക, കഥാപാത്രം - അയിഷ റാവൂത്തർ). മികച്ച നൃത്തസംവിധാനം - ഷോബി പോൾരാജ് (തല്ലുമാല), ജനപ്രിയ ചിത്രം - ന്നാ താൻ കേസ് കൊട്. മികച്ച കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90 s കിഡ്‌സ്, മികച്ച വിഷ്വൽ എഫക്‌ട്‌സ് - വഴക്ക് (അനീഷ് ഡി, സുമേഷ് ഗോപാൽ), സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് - ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ).
ജൂറി പരാമര്‍ശത്തില്‍ ചാക്കോച്ചനും അലന്‍സിയറും: അഭിനയത്തിന് കുഞ്ചാക്കോ ബോബനും (ന്നാ താൻ കേസ് കൊട്), അലൻസിയാറിനും (അപ്പൻ) പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. സംവിധാനത്തിന് ബിശ്വജിത്ത് എസ് (ഇലവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സാംസ്‌കാരിക സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് അവാർഡ് പ്രഖ്യാപന ചടങ്ങ് ആരംഭിച്ചത്.