കേരളം പിറവിയെടുത്തിട്ട് അറുപത്തിയേഴ് വർഷങ്ങൾ. പ്രളയവും കൊവിഡും നിപയും കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ മറികടന്ന് മുന്നോട്ട് കുതിക്കാനുള്ള ശ്രമത്തിലാണ് കേരളം. ഇന്ത്യ സ്വതന്ത്രമായ ശേഷം ഒൻപത് വർഷങ്ങൾ കഴിഞ്ഞാണ് ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമാകുന്നത്.
തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികെയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർകോട് താലൂക്കും ലയിപ്പിച്ചാണ് കേരളം രൂപീകരിക്കുന്നത്. കാസർകോട് കേരളത്തിന്‍റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന ചില സ്ഥലങ്ങൾ തമിഴ്‌നാടിന് കൈമാറി. അങ്ങനെ 1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്.
നവോത്ഥാനത്തിന്‍റെ ഈറ്റില്ലം:അവകാശ സമരങ്ങളും നവ കേരളത്തിനായുള്ള ആശയങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കേരളത്തിന്‍റെ കഴിഞ്ഞ 66 വർഷങ്ങൾ. കേരളം ലോകത്തിന് സമ്മാനിച്ച മഹദ് വ്യക്തികളും ഇക്കാലയളവില്‍ കേരളം കണ്ടറിഞ്ഞ ചരിത്ര സംഭവങ്ങളും വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എക്കാലവും ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യവും ദൈവത്തിന്‍റെ നാടിന് മാത്രം സ്വന്തം. വിദ്വേഷങ്ങളും ഭിന്നിപ്പിനും ഇടം കൊടുക്കാതെ ഒരുമയെക്കുറിച്ച് മാത്രം ചിന്തിച്ചും മുന്നോട്ടും പോയതോടെ ജനാധിപത്യത്തിന്‍റെ നേര്‍പ്പകര്‍പ്പായും കേരളം ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തപ്പെട്ടു.
ലോകത്തിന്‍റെ ഏത് കോണിലും മലയാളി സാന്നിധ്യമുണ്ട് എന്ന് പറയുന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു മലയാളിയുടെ വളര്‍ച്ച. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശാസ്‌ത്രത്തിലും തുടങ്ങി വളര്‍ച്ചയുടെ മേഖലകളിലെല്ലാം കേരളത്തെയും മലയാളിയെയും ഒന്നാം സ്ഥാനത്ത് കാണപ്പെട്ടു. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പോലും തലയുയര്‍ത്തി നിന്ന് പലതും പഠിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുചെന്നതോടെ കേരള മോഡല്‍ എന്ന വാക്കും ജനകീയമായി.
ഭിന്നിപ്പിന് ഇടമില്ലാത്തയിടം:കേരളത്തിന്‍റെ വളര്‍ച്ചയില്‍ മറ്റ് ഘടകങ്ങളെ പോലെ രാഷ്‌ട്രീയത്തിനും ഒഴിവാക്കാനാവാത്ത സ്ഥാനമാണുള്ളത്. മാറ്റി നിര്‍ത്തിയപ്പോള്‍ ഒരുമിച്ച് പൊരുതണമെന്ന് പഠിപ്പിച്ചത് മുതല്‍ അസാധ്യമെന്ന വാക്കില്ലെന്ന് പോലും തെളിയിച്ചുകൊണ്ടായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. കക്ഷി രാഷ്‌ട്രീയത്തിനമുസൃതരായി മുന്നോട്ടുപോകുമ്പോഴും സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളോ സംജാതമാകുമ്പോള്‍ രാഷ്‌ട്രീയത്തിനതീതരായി ഇറങ്ങിച്ചെല്ലുന്നതിലും തോളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മറ്റു ദേശങ്ങള്‍ക്ക് കേരളത്തിന് പാഠപുസ്‌തമാക്കാവുന്നതാണ്.
വിനാശകരമായ ആശയധാരകളുടെ കുത്തൊഴുക്കുണ്ടായപ്പോഴും വികാരങ്ങള്‍ മുറിപ്പെട്ട് പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാവുന്ന സാഹചര്യങ്ങളിലും രണ്ടും മൂന്നും അതിലധികവും ചിന്തിച്ച് നാളെയെ മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ച് അനിഷ്‌ട സംഭവങ്ങളിലേക്ക് വഴിതിരിക്കാതിരുന്നതില്‍ വ്യക്തികള്‍ക്കും സമൂഹത്തിനുമൊപ്പം ഇവിടെ പ്രകൃതിക്കും കാറ്റിനും മഴയ്‌ക്കും പോലും ഒഴിച്ചുനിര്‍ത്താനാവാത്ത പ്രാധാന്യമുണ്ടെന്നതും വ്യക്തമാണ്. രാഷ്‌ട്ര നിര്‍മാതാക്കള്‍ വിഭാവനം ചെയ്‌ത നാനാത്വത്തില്‍ ഏകത്വം പഠിച്ചും പഠിപ്പിച്ചും മുന്നേറുന്ന മലയാളനാടിന് ഇന്ന് 67 ന്‍റെ നിറവ്.