തിരുവനന്തപുരം/പത്തനംതിട്ട : നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് (Akhil Sajeev) പൊലീസ് പിടിയിൽ. പത്തനംതിട്ട പൊലീസ് തേനിയിൽ നിന്നുമാണ് അഖിൽ സജീവിനെ പിടികൂടിയത്. തേനി ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അഖിൽ സജീവിനെ പിടികൂടിയത്. 2021-22 കാലയളവിൽ പത്തനംതിട്ട പൊലീസിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അഖിൽ സജീവിനെ പിടികൂടിയത്.
ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉന്നയിച്ച ഹരിദാസ്, നിയമന തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റുള്ളവരെ ഉൾപ്പെടെ ചോദ്യം ചെയ്‌തതിൽ നിന്നും പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അഖിൽ സജീവാണ് സംഭവത്തിൽ മുഖ്യ സൂത്രധാരണെന്ന് മനസിലാക്കി ഇയാളെ പിടുകൂടാൻ പൊലീസ് നീക്കം ആരംഭിച്ചു. ചെന്നൈയിലേക്ക് കടന്ന ഇയാൾ ഇവിടെ നിന്നും തേനിയിലേക്ക് എത്തിയപ്പോഴാണ് ഇന്നലെ രാത്രി പൊലീസിന്‍റെ പിടിയിൽ ആകുന്നത്.
നിലവിൽ അഖിൽ സജീവിനെതിരെ അഞ്ചോളം കേസുകളുണ്ട്. ഒന്നര വർഷം മുൻപ് സി ഐ ടി യു പത്തനംതിട്ട ഓഫിസ് സെക്രട്ടറി ആയിരിക്കെ മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഇയാളെ പിടുകൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒളിവിൽ കഴിഞ്ഞു കൊണ്ടും ഇയാൾ തട്ടിപ്പുകൾ തുടർന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം പത്തനംതിട്ടയിലേത് ഉൾപ്പെടെ വിവിധ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തും. അതിന് ശേഷം നിയമന തട്ടിപ്പ് അന്വേഷിക്കുന്ന തിരുവനന്തപുരത്തെ കന്‍റോൺമെന്‍റ് പൊലീസിന് അഖിലിനെ കൈമാറും. നിയമന തട്ടിപ്പില്‍ അഭിഭാഷകനായ റഹീസ് ആണ് ആദ്യം അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിര്‍മിച്ചത് ഇയാളുടെ അറിവോടെയാണ്.