തിരുവനന്തപുരം: ഒടുവില്‍ സി.പി.എമ്മിന് ആശ്വാസമായി എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.ജിതിനെയാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
രണ്ടര മാസത്തിലധികമായി സി.പി.എമ്മിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയ സംഭവത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. സാഹചര്യതെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കസ്റ്റഡിയിലായതെന്നാണ് ക്രൈബ്രാഞ്ചിന്റെ വിശദീകരണം. ജിതിന്‍ രണ്ടാഴ്ചയിലധികമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ആശ്വാസത്തില്‍ സിപിഎം: കിട്ടിയോ കിട്ടിയോ എന്ന പരിഹാസം കോണ്‍ഗ്രസ്, ബി.ജെ.പി സൈബറിടങ്ങളില്‍ വ്യാപകമായി ഉയരുകയും പ്രതിരോധിക്കാന്‍ ആയുധമില്ലാതെ സി.പി.എം ഇത്രയും കാലം പരുങ്ങുകയും ചെയ്യുന്നതിനിടയില്‍ പ്രതിയിലേക്ക് പ്രത്യേകിച്ച് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനിലേക്ക് തന്നെ എത്താനയത് സി.പി.എം ക്യാമ്പുകളില്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല.
എല്ലാം നാടകമെന്ന് കോൺഗ്രസ്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വന്‍ വിജയത്തില്‍ അസൂയ പൂണ്ട സി.പി.എം അതിന്റെ ശോഭ കെടുത്താനാണ് ഇപ്പോള്‍ തിരക്കിട്ട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയില്‍ ഇതു കെട്ടി വച്ചതെന്ന വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നു. ബി.ജെ.പിക്ക് രാഹുലിന്റെ വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ സി.പി.എമ്മിന് കണ്ടൈനറാണ് പ്രശ്‌നമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. ഈ സംഭവത്തിന്റെ ടൈമിംഗ് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. എ.കെ.ജി സെന്ററിന്റെ മതിലില്‍ പടക്കം വീണതിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയുണ്ടാക്കിയ വേവലാതിയാണ് സി.പി.എമ്മിനെന്ന് ഷാഫി പറഞ്ഞു.
ഗൂഢാലോചന പുറത്തുവരണം: പടക്കമെറിഞ്ഞ ആളെ മാത്രമല്ല, പിന്നില്‍ ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു. പിന്നില്‍ സി.പി.എമ്മാണെന്ന കോണ്‍ഗ്രസ് ആരോപണം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാഷ്ട്രീയമായി വന്‍ വിവാദമുയരുമെന്നു കണ്ട് കരുതലോടെയാണ് അന്വേഷണ സംഘത്തിന്റെയും കരുനീക്കങ്ങള്‍.