തിരുവനന്തപുരം : വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ മുങ്ങി ചത്ത സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ വൈൽഡ് ലൈഫ് വാർഡനോടും വെറ്ററിനറി ഡോക്‌ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ കൃത്യവിലോപം നടന്നതായി കണ്ടെത്തിയാൽ അതിന്‍റെ ഗൗരവത്തിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് മൃഗശാലയുടെ ചുമതലയുള്ള വെറ്ററിനറി ഡിപ്പാർട്ട്‌മെന്‍റിലെ പരിചയ സമ്പന്നനായ ഡോക്‌ടറുടെ നിർദേശം അനുസരിച്ചാണ് കരടിയെ കിണറ്റിന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ രക്ഷാപ്രവർത്തനത്തിന് മാധ്യമങ്ങളും സാക്ഷിയായതാണ്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. കരടി മരണപ്പെട്ട സംഭവം ദൗർഭാഗ്യകരമാണ്. നേരത്തെ ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് ഉത്തരവ് നൽകാൻ വൈകിയതിലായിരുന്നു പ്രശ്‌നം.
നടപടികൾ വിവേചനബുദ്ധിയോടെ : ഈ സാഹചര്യത്തിലാണ് വെറ്ററിനറി ഡോക്‌ടർ വൈൽഡ് ലൈഫ് വാർഡനുമായി ബന്ധപ്പെട്ട് പെട്ടെന്ന് തീരുമാനത്തിൽ എത്തിയത്. സന്ദർഭത്തിന് അനുസരിച്ച് വിവേചന ബുദ്ധി ഉപയോഗിച്ചുള്ള നടപടിയാണിത്. വിവേചനബുദ്ധി വൈകിയാലും നേരത്തെ ആയാലും പ്രശ്‌നമാണ്.
കരടിയെ ജീവനോടെ പിടികൂടുന്നത് സാധ്യമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അതുകൊണ്ടാണ് മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനിച്ചത്. എന്നാൽ മയക്കുവെടിവച്ചപ്പോൾ കരടി വലയ്‌ക്കുള്ളിൽ ചരിഞ്ഞുപോവുകയാണ് ഉണ്ടായത്. ഇത് വെള്ളത്തിൽ മുങ്ങാൻ കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
രക്ഷാപ്രവർത്തനത്തിൽ വീഴ്‌ചയെന്ന് റിപ്പോർട്ട് : അതേസമയം കിണറ്റില്‍ വീണ കരടി രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയെന്നാണ് റിപ്പോര്‍ട്ട്. വനം വകുപ്പ് ജില്ല ഓഫിസറാണ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയതായി റിപ്പോര്‍ട്ട് തയ്യായാക്കിയത്. വന്യമൃഗങ്ങളെ പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.