എറണാകുളം : രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമെന്ന് ഐഷ സുൽത്താന ഹൈക്കോടതിയില്‍. ലക്ഷദ്വീപ് പൊലീസിനെതിരെയാണ് ചലച്ചിത്ര പ്രവര്‍ത്തക സത്യവാങ്‌മൂലം സമർപ്പിച്ചത്.
ലക്ഷദ്വീപ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ള മൊബൈലിലും ലാപ്ടോപ്പിലും വ്യാജ തെളിവുകൾ നിർമിക്കാൻ സാധ്യതയുണ്ട്. പിടിച്ചെടുത്ത ഫോണും ലാപ്‌ടോപ്പും ആരുടെ കയ്യിലാണുള്ളതെന്ന് അറിയില്ല. ഇവ ഗുജറാത്തിൽ പരിശോധനയ്ക്ക് അയച്ചത് ദുരൂഹമാണ്. പരിശോധനയിൽ തിരിമറിയ്ക്ക് സാധ്യതയുണ്ടെന്നും ഐഷ ആരോപിച്ചു.
ചാനൽ ചർച്ചയ്ക്കിടയിലെ ബയോവെപ്പൺ പരാമർശനത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് അറിയിച്ച ഐഷ, പരാമർശത്തിന് മുൻപ് ആരെയും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ഡീലീറ്റ് ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.