തിരുവനന്തപുരം:വ്യോമസേനയുടെ ഡികമ്മിഷൻ ചെയ്ത ഹെലികോപ്റ്റർ ശംഖുംമുഖത്തെ മത്സ്യകന്യകാ പാർക്കിൽ സ്ഥാപിച്ചു. റഷ്യൻ നിർമിത എം.ഐ 8 ഹെലികോപ്റ്ററാണിത്. യുവാക്കളെ വ്യോമസേനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിൽ സ്ഥാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ബീച്ചിൽ സന്ദർശകർ നന്നെ കുറവാണ്.
വ്യോമസേന ഹെലികോപ്റ്റര്‍ ശംഖുംമുഖത്ത് സ്ഥാപിച്ചു
യുവാക്കളെ വ്യോമസേനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിൽ സ്ഥാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ബീച്ചിൽ സന്ദർശകർ നന്നെ കുറവാണ്.
കടൽക്ഷോഭമുള്ളതിനാൽ തീരത്തേക്കും സന്ദർശകരെ അടുപ്പിക്കുന്നില്ല. ഇതിനിടെ ശംഖുമുഖത്തെ പാർക്കിൽ ഹെലികോപ്റ്റർ എത്തിയതോടെ കുട്ടികളും കുടുംബങ്ങളും ചുറ്റും കൂടിത്തുടങ്ങി. യാത്രയ്ക്കും പ്രതിരോധാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന എം ഐ 8 സന്ദർശകർക്ക് വേറിട്ട കാഴ്ചയായി. ആശയക്കുഴപ്പത്തോടെയാണ് സേനാ താവളം വിട്ട് ഹെലികോപ്റ്റർ പുറത്തെത്തിയത്. വിമാനത്താവളത്തിൽനിന്ന് നിയന്ത്രണംവിട്ട ഹെലികോപ്റ്റർ റോഡിലെത്തിയെന്ന തെറ്റായ സോഷ്യൽ മീഡിയാ പ്രചാരണമാണ് കുഴപ്പമായത്.
പാർക്കിൽ സ്ഥാപിക്കാൻ സേനാ താവളത്തിന് പുറത്തുകൊണ്ടുവന്ന ഹെലികോപ്റ്ററിന്‍റെ ചിത്രം ഡിഫൻസ് പി.ആർ.ഒ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതുപയോഗിച്ചായിരുന്നു വ്യാജവാർത്ത. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ സന്ദർശകരേറുമെന്നാണ് പ്രതീക്ഷ. ഔദ്യോഗികമായി സന്ദർശകർക്ക് തുറന്നുനൽകും മുമ്പ് അൽപ്പം മിനുക്കുപണികൾ കൂടി ബാക്കിയുണ്ട്.