തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കെൽട്രോൺ എംഡിയുടെ വാദം തള്ളി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി തുക 151 കോടിയിൽ നിന്ന് 232 കോടി ആക്കിയത് ആരെ സഹായിക്കാനാണെന്ന് കെൽട്രോൺ വ്യക്തമാക്കണമെന്നും ചെന്നിത്തല വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. പരസ്‌പര വിരുദ്ധമായി വാദങ്ങൾ ഉന്നയിച്ച് കെല്‍ട്രോണ്‍ ഉരുണ്ടുകളിക്കുന്നത് തന്നെ സേഫ് കേരള പദ്ധതിയില്‍ കള്ളക്കളിയും അഴിമതിയും നടന്നു എന്നതിന് തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.
കെല്‍ട്രോണിനെതിരെ ചോദ്യങ്ങളുമായി:കെൽട്രോൺ ആദ്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഇത് തങ്ങളുടെ മാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നല്‍കിയിട്ടില്ലെന്നുമാണ്. എന്നാൽ എം.ഡി നാരായണമൂർത്തി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് എസ്ഐആർടി എന്ന കമ്പനിക്ക് കരാർ നൽകിയിട്ടുണ്ടെന്നാണ്. എസ്ഐആർടി ഉപകരാറുകൾ നൽകിയിട്ടുണ്ടെങ്കിൽ അതിൽ കെൽട്രോണിന് ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെൽട്രോൺ സിഎംഡി എന്തിനാണ് ഇങ്ങനെ മലക്കം മറിയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
സർക്കാർ ഉത്തരവ് കെൽട്രോൺ ലംഘിച്ചു. നേരിട്ട് ടെണ്ടർ വിളിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ ഈ തീരുമാനം ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. 151 കോടി ക്വോട്ട് ചെയ്‌ത കമ്പനിക്ക് അഞ്ച് വർഷത്തെ പരിപാലന ചെലവ് കൂടി അധികം നൽകുകയായിരുന്നു. 81 കോടിയുടെ അധിക ലാഭമുണ്ടാക്കാൻ കെൽട്രോൺ കൂട്ടുനിൽക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിശദീകരണവുമായി കെല്‍ട്രോണ്‍:അതേസമയം വിവാദങ്ങൾ ശക്തമായതോടെ വിശദീകരണവുമായി എസ്ആർഐടി എംഡി മധു നമ്പ്യാരും രംഗത്തെത്തി. കെൽട്രോൺ രാജ്യവ്യാപകമായി പ്രസിദ്ധീകരിച്ച ടെൻഡറിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്ന് മധു നമ്പ്യാർ പറഞ്ഞു. ഇതിൽ ഒരു രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ല. 128 കോടി രൂപയും ജിഎസ്‌ടിയുമുൾപ്പെടെയാണ് കരാർ തുക. ടെൻണ്ടറിൽ നാലുപേർ പങ്കെടുത്തുവെന്നും 20 തവണയായി ഇത് നൽകുമെന്നാണ് കരാറെന്നും അദ്ദേഹം വ്യക്തമാക്കി. ഊരാളുങ്കലുമായി 2016ൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറിലും വ്യക്തത വരുത്തി: നാലുപേർ ടെണ്ടറിൽ പങ്കെടുത്തതിൽ ഏറ്റവും കുറഞ്ഞ രേഖപ്പെടുത്തിയതുകൊണ്ടാണ് എസ്ആർഐടിക്ക് കരാർ ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഏറെ കാലമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. കരാർ ലഭിച്ച ശേഷം തങ്ങളെ രണ്ട് കമ്പനികൾ ബന്ധപ്പെടുകയായിരുന്നു. ലൈറ്റ് മാസ്‌റ്റർ എന്ന കമ്പനിക്കാണ് ഇലക്ട്രോണിക്‌സ് മുഴുവൻ നൽകിയത്. സിവിൽ വർക്കുകൾ പ്രസാദിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകാമെന്നും ഉറപ്പ് നൽകിയെന്നും ഇരു കമ്പനികളും ഫണ്ട് ചെയ്യാമെന്നും പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നര മാസം കാത്തിരുന്നും പ്രവർത്തനങ്ങൾ വൈകിയ സാഹചര്യത്തില്‍ ഇ-സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോൾ ഫണ്ട് ചെയ്യുന്നതെന്നും എസ്ആർഐടി എംഡി മധു നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.
Also read: എ ഐ ക്യാമറയ്‌ക്ക് പിന്നില്‍ കോടികളുടെ അഴിമതിയോ? വിവരങ്ങള്‍ പുറത്തു വിടാതെ സര്‍ക്കാര്‍, ദുരൂഹതയാരോപിച്ച് പ്രതിപക്ഷം