തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ക്യാമറകളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുന്നതിന് ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയിൽ വെള്ളിയാഴ്‌ച (09-06-2023) അവലോകന യോഗം ചേരും. സെക്രട്ടറിയേറ്റിൽ രാവിലെ 11 മണിക്കാണ് യോഗം. അതേസമയം ജൂൺ അഞ്ചിന് രാവിലെ എട്ട് മണി മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങിയത്.
അഞ്ചാം തിയതി മുതൽ ഇതുവരെയുള്ള എഐ ക്യാമറയുടെ പ്രവർത്തനം അവലോകന യോഗത്തിൽ വിലയിരുത്തും. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെൽട്രോൺ, നാഷണൽ ഇൻഫർമാറ്റിക് സെന്‍റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കും. എന്നാല്‍ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത് മുതൽ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
പരാതികള്‍ ഒഴിയുന്നില്ല:ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്‌തെന്ന നിയമലംഘനത്തിന് മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചുവെന്നാണ് ചലാൻ തയാറായത്. നാഷണൽ ഇൻഫർമാറ്റിക് സെന്‍ററിന്‍റെ സോഫ്റ്റ്‌വെയറിലുണ്ടായ തകരാറാണിതെന്നാണ് വിശദീകരണം. ഇത്തരത്തിൽ പൊരുത്തക്കേടുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ എഐ ക്യാമറകളുടെ പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കാൻ മന്ത്രി നിർദേശം നൽകാൻ സാധ്യതയുണ്ട്.
നിയമലംഘനങ്ങള്‍ കണക്കുകളില്‍:സംസ്ഥാനത്ത് ഇന്നലെ (07-06-2023) ആകെ 39449 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും അധികം നിയമലംഘനങ്ങൾ (7390). വയനാട് (601) ആണ് ഏറ്റവും കുറവ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്‌തത്. എഐ ക്യാമറ പിഴ ഈടാക്കാൻ ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഏഴ് വരെ 117,657 നിയമലംഘനങ്ങളാണ് സംസ്ഥാനത്ത് ആകെ കണ്ടെത്തിയത്. ആദ്യ ദിനം - 28891, രണ്ടാം ദിനം - 49317, മൂന്നാം ദിനം - 39449 നിയമലംഘനങ്ങളുമാണ് കണ്ടെത്തിയത്.
അതേസമയം ഇരുചക്ര വാഹനങ്ങളിൽ കുട്ടിയുമൊത്തുള്ള യാത്രയിൽ പ്രായത്തിൽ സംശയമുണ്ടെങ്കിൽ പോലും പിഴ ഈടാക്കരുതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിർദേശം നൽകിയിരുന്നു. 12 വയസിനു മുകളിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളുവെന്നും നിർദേശം നൽകിയിട്ടുണ്ട്. എഐ ക്യാമറയെ ജനങ്ങൾ സ്വാഗതം ചെയ്‌തുവെന്നും അപകടങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ക്യാമറ പ്രവര്‍ത്തനക്ഷമമായതിന് പിന്നാലെയുള്ള നാലാം ദിനമായ ഇന്നത്തെ കണക്കുകൾ രാത്രിയോടെ മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിക്കും.
എഐ ക്യാമറയും നിയമലംഘനവും:എഐ ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ആദ്യം സെൻട്രൽ കണ്ട്രോൾ റൂമിലും പിന്നീട് ജില്ല കണ്ട്രോൾ റൂമിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ജില്ല കണ്ട്രോൾ റൂമിലെ വിദഗ്‌ദ പരിശോധനയ്ക്ക് ശേഷമാണ് ഇ-ചലാൻ സൃഷ്‌ടിക്കുന്നത്. പിഴ നോട്ടീസ് ലഭിക്കുന്നയാൾ ഒരു മാസത്തിനകം പിഴ അടയ്ക്കണം. ആർടിഒ ഓഫിസുകളിലോ ഓൺലൈനായോ പിഴ അടയ്ക്കാം. മാത്രമല്ല പിഴ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അപ്പീൽ നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Also read: 'സാധാരണക്കാരന്‍ ബുദ്ധിമുട്ടുമോ?'; എഐ കാമറ പ്രവര്‍ത്തനത്തില്‍ സമ്മിശ്ര പ്രതികരണവുമായി പൊതുജനം