തിരുവനന്തപുരം:ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ ഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) കാമറകളിലൂടെ ജൂൺ 5 തിങ്കളാഴ്‌ച മുതൽ പിഴ ഈടാക്കും. ഗതാഗത വകുപ്പ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കി. 726 കാമറകളുടെയും പ്രവർത്തനം പരിശോധിക്കുന്നതിനായി നിയോഗിച്ച സാങ്കേതിക സമിതി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.
ഏപ്രിൽ 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എ ഐ കാമറകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്. ആദ്യത്തെ ഒരു മാസം ബോധവത്ക്കരണം നൽകുകയും മെയ് 20 മുതൽ പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ വിവാദമായതോടെയാണ് പിഴ ഈടാക്കുന്നത് ജൂൺ 5 ലേക്ക് മാറ്റിയത്.
എ ഐ കാമറകൾ സ്ഥാപിച്ചതിന് ശേഷം പ്രതിദിനം ശരാശരി രണ്ടര ലക്ഷം നിയമലംഘനങ്ങളാണ് നടക്കുന്നത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ച സമയത്ത് നാല് ലക്ഷത്തോളം നിയലംഘനങ്ങളാണ് ഉണ്ടായിരുന്നത്. ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങുമ്പോൾ നിയമലംഘനങ്ങൾ ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ.
എ ഐ കാമറയിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളും അവയ്‌ക്ക് ചുമത്തുന്ന പിഴയും
- ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യൽ - പിഴ 500
- ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യൽ - പിഴ 500
- ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേര്‍ ഒരേസമയം യാത്ര ചെയ്‌താല്‍ - പിഴ 1000
- ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് - പിഴ 2000
- നാലുചക്ര വാഹനങ്ങളിൽ സീറ്റ്‌ബെൽറ്റില്ലാതെ യാത്രചെയ്യുന്നത് - പിഴ 500
- അമിതവേഗം - പിഴ 1500
- അനധികൃത പാർക്കിങ്ങ് - പിഴ 250 രൂപ