തിരുവനന്തപുരം :സത്യവും നീതിയും ജയിച്ചുവെന്നും പീഡനാരോപണം രാഷ്‌ട്രീയ പക പോക്കലാണെന്ന് തെളിഞ്ഞെന്നും അടൂർ പ്രകാശ് എം പി. സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെതിരായ കേസിൽ കഴമ്പില്ലെന്ന സിബിഐ റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ തിരുവനന്തപുരം ജില്ല കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് അടൂർ പ്രകാശിനെതിരെയുള്ള പീഡനക്കേസ് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
'ഏറെ മാനസിക പ്രയാസം ഉണ്ടാക്കിയ സംഭവമായിരുന്നു അത്. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പുണ്ടായിരുന്നു' - അടൂര്‍ പ്രകാശ് പറഞ്ഞു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച സോളാർ പീഡനക്കേസിൽ കടുത്ത ആരോപണം നേരിട്ട ആളായിരുന്നു അടൂർ പ്രകാശ്. സോളാർ പദ്ധതിക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ചു എന്നതായിരുന്നു അടൂർ പ്രകാശിനെതിരെ ഉണ്ടായിരുന്ന പരാതി.