തിരുവനന്തപുരം : ആലുവയിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെയും സിനിമ താരങ്ങളെയും രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്‌ണ കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമർശനം ഉന്നയിച്ചത്. 'തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല' എന്ന് കൃഷ്‌ണ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.
ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കമാണ് ഉണ്ടാക്കുന്നത്. മണിപ്പൂരിലോ കാശ്‌മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോൾ കാണുന്നില്ലെന്നും കൃഷ്‌ണ കുമാർ കൂട്ടിച്ചേർത്തു. ഒന്നുരണ്ടാഴ്‌ചകൾക്ക് മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്‍റെ തല അതിനു ശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :'ഇന്നലെ ഉച്ച മുതൽ ഇന്നീ നിമിഷംവരെ, ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു. ഒപ്പം, അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവും.
തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്‌മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോൾ കാണുന്നില്ല.
ഒന്നുരണ്ടാഴ്‌ചകൾക്കു മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്‍റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ല. മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേർത്തുവെച്ചു കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ എനിക്കോ നിങ്ങൾക്കോ, പറക്കമുറ്റാൻ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കൾക്കുപോലുമോ ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാൻ സാധ്യമല്ല. ഹിന്ദുവായി ജനിച്ചുപോയെങ്കിൽ പ്രത്യേകിച്ചും.