തിരുവനന്തപുരം: സംശുദ്ധ രാഷ്‌ട്രീയ ജീവിതം നയിക്കുന്ന എ.സി മൊയ്‌തീനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് ഇ ഡി (ED) പരിശോധനയ്ക്ക് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (CPM State Secretariate) പ്രസ്‌താവന.
എ.സി മൊയ്‌തീന്‍ എം.എല്‍.എയെ (MLA) സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതിനുവേണ്ടിയുള്ള ഇ ഡി പരിശോധനയില്‍ സിപിഎം (CPI(M)) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധം രേഖപ്പെടുത്തി. മുന്‍ സഹകരണ വകുപ്പ് മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്‌തീന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു ഇ.ഡി പരിശോധന നടത്തിയത്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ബോധപൂര്‍വ്വമായ ഇത്തരത്തിലുള്ള ഇടപെടല്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴുണ്ടായ നടപടിയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കൂടാതെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ ഇല്ലാ കഥകളുടെ പരമ്പര തന്നെ അരങ്ങേറുകയാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറയുന്നുണ്ട്.
വലതുപക്ഷ മാധ്യമങ്ങൾ ഇക്കാര്യത്തിൽ നിരന്തരം തമ്മിൽ മത്സരിക്കുന്ന സ്ഥിതിയാണുളളത്. കേരളത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾ യു ഡി എഫ് പിന്തുണയ്ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതു തിരിച്ചറിയാനാകണം. എ.സി മൊയ്‌തീനെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്‌ട്രീയ ശക്തികൾക്കെതിരെ പ്രതിഷേധം ഉയരണമെന്നും ചില മാധ്യമങ്ങൾ ചേര്‍ന്ന് സൃഷ്‌ടിച്ച മാധ്യമ കൂട്ടുകെട്ടിനെതിരെയും ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.