തിരുവനന്തപുരം:ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താന്‍ എബിവിപി ആഹ്വാനം ചെയ്തു.
എബിവിപി മാർച്ചിൽ സംഘർഷം; നാളെ വിദ്യാഭ്യാസ ബന്ദ്
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്
പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് കന്‍റോൺമെന്‍റ് ഗേറ്റിന് മുന്നിൽ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ജലപീരങ്കിയും രണ്ടുതവണ ഗ്രനേഡും പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു പൊലീസുകാരനും നാല് പ്രവർത്തകർക്കും പരിക്കേറ്റു. ഖാദർ കമ്മിറ്റി റിപ്പോർട്ട് അക്കാദമിക് നിലവാരം തകർക്കുമെന്നും, വിദ്യാഭ്യാസ നയങ്ങൾ സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുകയാണെന്നും എബിവിപി ആരോപിച്ചു. പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.