തിരുവനന്തപുരം : ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി യൂത്ത് കോൺഗ്രസ്. ഇത്രയും ഗുരുതരമായ ആരോപണം നടത്തിയ എം വി ഗോവിന്ദനെതിരെ ഇന്ന് തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വക്കീൽ നോട്ടീസ് അയക്കുമെന്ന് വൈസ് പ്രസിഡന്‍റ് അബിൻ വർക്കി പറഞ്ഞു(Youth congress Against MV Govindan).
തിരുവനന്തപുരത്തെ അഭിഭാഷകനായ മൃദുൽ ജോൺ മുഖേനയാണ് വക്കീൽ നോട്ടീസ് അയക്കുക. എം വി ഗോവിന്ദൻ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. അദ്ദേഹം ഒരു മാസ്റ്റർ ആണോ മോൺസ്റ്റർ ആണോ? ഇത്ര സാഡിസ്റ്റ് ചിന്തയുള്ള ആളുകളെ മോൺസ്റ്റർ എന്നല്ലാതെ സാമാന്യ ജനത്തിന് വിശേഷിപ്പിക്കാൻ സാധിക്കില്ല. ഒരാളുടെ ഏറ്റവും വ്യക്തിപരമായ ആരോഗ്യ വിവരം പോലും വ്യാജമാണെന്ന് പറയുകയാണ് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി. അദ്ദേഹം എത്രമാത്രം മനുഷ്യത്വ വിരുദ്ധനാണെന്ന് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണം.
രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്ന് ദിവസം അഡ്‌മിറ്റ് ആയിരുന്നു. ന്യൂറോ സംബന്ധമായ ചില രോഗങ്ങൾ ഉണ്ട് എന്നുള്ളത് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡിസ്‌ചാര്‍ജ് സമ്മറിയാണ് ജാമ്യാപേക്ഷയ്ക്ക് നൽകിയത്. അതിലെ സംശയങ്ങൾ കാരണമാകാം കൂടുതൽ പരിശോധനകൾ വേണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് ജനറൽ ആശുപത്രിയിലേക്ക് വിട്ടത്.