തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത മുരളീധരൻ എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും നേരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. താൻ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളത്തിനാകെ അപമാനമാണ്. കൊവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങൾ അംഗീകരിക്കില്ലെന്നും വിജയരാഘവൻ പ്രസ്താവനയില്‍ വ്യക്തമാക്കി.
കൂടുതൽ വായനയ്‌ക്ക്:മുഖ്യമന്ത്രിയെ 'കൊവ്-ഇഡിയറ്റ്' എന്ന് വിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
സ്വന്തം താൽപര്യം സംരക്ഷിക്കാനും അപഥ സഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് വി മുരളീധരൻ. വിദേശയാത്രയിൽ ദുരൂഹ സാഹചര്യത്തിൽ ഒരു യുവതിയെ ഒപ്പം കൂട്ടിയതും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും മുരളീധരന്‍റെ മാന്യതയുടെ തെളിവാണ്. കൊവിഡ് പ്രതിരോധിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ പ്രവർത്തനം രാജ്യത്തിന്‍റെയാകെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്. എന്നാൽ കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് വി മുരളീധരൻ കേരളത്തിന് വേണ്ടി എന്ത് ചെയ്തെന്ന് പറയാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേരളീയൻ ആയിട്ട് പോലും സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഒരു ഇടപെടലും ഇദ്ദേഹം നടത്തിയിട്ടില്ല. ഒരു കേന്ദ്രമന്ത്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത മുരളീധരന്‍റെ നടപടികൾ തിരുത്തുന്നതിന് പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നും വിജയരാഘവൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുരളീധരൻ രംഗത്തെത്തിയത്. തുടർച്ചയായി കൊവിഡ് മാനദണ്ഡങ്ങൾ തെറ്റിക്കുന്ന മുഖ്യമന്ത്രിയെ 'കൊവ് ഇഡിയറ്റ്' എന്ന് വിളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.