തിരുവനന്തപുരം:ആറ്റിങ്ങൽ കോരാണിയിൽ 20 കേടിയുടെ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രമുഖ കണ്ണികളെ തേടി എക്സൈസ്. ഉത്തരേന്ത്യൻ ലോബിയാണ് 502 കിലോഗ്രാം കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് കണ്ടെത്തല്‍. പഞ്ചാബ് സ്വദേശിയായ രാജു ഭായി എന്നയാളാണ് കഞ്ചാവ് കൊടുത്തു വിട്ടതെന്ന് പിടിയിലായ ലോറി ഡ്രൈവർ കുൽദീപ് സിങ്, ക്ലീനർ കൃഷ്ണ എന്നിവർ മൊഴി നൽകിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ജിതിൻ രാജാണ് രാജു ഭായി എന്നയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയത് എന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇയാൾ മൈസൂരിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
തലസ്ഥാനത്തെ കഞ്ചാവ് കടത്ത്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് എക്സൈസ്
കോഴിക്കോട് സ്വദേശിയായ ജിതിൻ രാജാണ് രാജു ഭായി എന്നയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയത് എന്നാണ് എക്സൈസിന് ലഭിച്ച വിവരം
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചത്. തിരുവനന്തപുരം ചിറയിന്‍ക്കീഴ് സ്വദേശിയായ ജിതിൻ രാജിനാണ് കേരളത്തിൽ എത്തുന്ന കഞ്ചാവ് ഗോഡൗണിൽ എത്തിക്കുള്ള ചുമതല. ആബേഷ്, ജയൻ എന്നിവരാണ് തിരുവനന്തപുരത്തെ ഏജന്‍റുമാര്‍ എന്നാണ് വിവരം. എന്നാൽ ലോറിയടക്കം എക്സൈസ് സംഘത്തിന്‍റെ പിടിയിലായതോടെ ഇവർ മൊബൈൽ ഓഫാക്കി മുങ്ങുകയായിരുന്നു. കടത്തികൊണ്ടു വന്ന കഞ്ചാവിൽ 300 കിലോഗ്രാം തൃശൂർ സ്വദേശിയും 100 കിലോഗ്രാം കോഴിക്കോട് സ്വദേശിക്കുമായി കൈമാറാനായിരുന്നു പദ്ധതി.
പഞ്ചാബിൽ നിന്ന് വന്ന കഞ്ചാവ് രണ്ട് കിലോ മുതൽ അഞ്ച് കിലോ വരെയുള്ള പൊതികളാക്കി ഡ്രൈവർ ക്യാബിന് മുകളിലെ രഹസ്യ അറയിലാക്കി കേരളത്തിലേയ്ക്ക് അയക്കുന്നത് ജിതിൻ രാജിന്‍റെയും ആബേഷിന്‍റെയും സാന്നിധ്യത്തിലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പിടികൂടിയ പ്രതികളെയും കഞ്ചാവും ഇന്ന് എക്സൈസ് കോടതിയിൽ ഹാജരാക്കും. മറ്റ് പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായും എത്രയും വേഗം ഇവരെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം വ്യക്തമാക്കി.