തിരുവനന്തപുരം:കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്‌ഡില്‍ 41 പേര്‍ അറസ്റ്റിലായി. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്‌ഡില്‍ അറസ്റ്റിലായവരില്‍ ഐടി വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടെന്ന് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം അറിയിച്ചു.
'ഓപ്പറേഷന്‍ പി ഹണ്ട്'; സംസ്ഥാന വ്യാപക റെയ്‌ഡിൽ 41 പേർ അറസ്റ്റിൽ
കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്‌ഡില്‍ അറസ്റ്റിലായവരില്‍ ഐടി വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവരുണ്ടെന്നാണ് റിപ്പോർട്ട്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒമ്പത് പേരാണ് ജില്ലയിൽ നിന്നും അറസ്റ്റിലായത്. മലപ്പുറം ജില്ലയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഇന്‍റര്‍നെറ്റ് ഉപയോഗം വന്‍ തോതില്‍ ഉയര്‍ന്ന കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. അശ്ലീല സാഹിത്യങ്ങളും ബാലകുറ്റകൃത്യങ്ങളും വന്‍തോതില്‍ വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സൈബര്‍ ഡോം സംസ്ഥാന വ്യാപകമായി പരിശോധന കര്‍ശനമാക്കിയത്. ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 326 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. ഒക്ടോബര്‍ നാല് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഒരേ സമയത്തായിരുന്നു റെയ്‌ഡ്. പ്രത്യേക സോഫ്‌ട്‌വെയര്‍ ഉപയോഗിച്ച് ഐ.പി വിലാസം ശേഖരിക്കുകയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അത്തരം ചിത്രങ്ങള്‍ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്‌ത ഉപകരണം ഉപയോഗിച്ച് സൈബര്‍ഡോം കണ്ടെത്തുകയുമായിരുന്നു.
അറസ്റ്റിലായവരില്‍ നിന്നുള്ള 285 ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയിൽ നിന്ന് ആറ് വയസു മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളുടെ നിയമവിരുദ്ധ വീഡിയോകള്‍ പിടിച്ചെടുത്തു. മലയാളികളായ കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തവയില്‍ ഉൾപെടുന്നു. ടെലഗ്രാം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ചക്ക, ബിഗ്മെലോണ്‍, ഉപ്പും മുളകും, ഗോല്‍ഡ് ഗാര്‍ഡന്‍, അമ്മായി, ദേവത, ഇന്‍സെസ്റ്റ് ലവേഴ്‌സ്, അയല്‍ക്കാരി, പൂത്തുമ്പികള്‍, റോള്‍പ്ലേ, സുഖവാസം തുടങ്ങിയ 400ല്‍ അധികം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്‌തതെന്ന് എഡിജിപി അറിയിച്ചു.