കേരളം

kerala

ETV Bharat / state

സിനിമലഹരിയില്‍ അനന്തപുരി; സിനിമ'ലോകം' കൺമുന്നില്‍, കൺകുളിർക്കെ - ഐഎഫ്എഫ്കെ ചലച്ചിത്രമേള

28th IFFK Started: 28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരുവന്തപുരത്ത് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വൈകുന്നേരം നിര്‍വഹിക്കും.

IFFK  28th IFFK  IFFK Film Festival  IFFK 2023 Dates  IFFK Inauguration  IFFK Movies 2023  IFFK 2023 Inauguration Movie  Public Response On IFFK 2023  രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം  ഐഎഫ്എഫ്കെ ചലച്ചിത്രമേള
28th IFFK Started

By ETV Bharat Kerala Team

Published : Dec 8, 2023, 2:07 PM IST

സിനിമ പൂരലഹരിയില്‍ തിരുവനന്തപുരം

തിരുവനന്തപുരം:ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം (28th IFFK). മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 8) വൈകിട്ട് ആറ് മണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. രാവിലെ 9.30ന് പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ആരംഭിച്ച 'കിഡ്‌നാപ്പ്ഡ്' (Kidnapped) എന്ന ഇറ്റാലിയന്‍ ചിത്രത്തിന് ഡെലിഗേറ്റുകളുടെ മികച്ച പങ്കാളിത്തമാണുണ്ടായത്.

ഉദ്ഘാടന ചിത്രം ഉൾപ്പെടെ ആദ്യ ദിനം ആകെ 11 സിനിമകളുടെ പ്രദർശനമാണ് നടക്കുക. മേളയുടെ ഉദ്ഘാടനത്തിന് ശേഷം ഉദ്ഘാടന ചിത്രമായ 'ഗുഡ്ബൈ ജൂലിയ' (Goodbye Julia) എന്ന സുഡാനി ചിത്രം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും.

ടാഗോർ, കലാഭവൻ, നിള, ശ്രീ, കൈരളി തീയറ്ററുകളിലാണ് ഇന്ന് പ്രദർശനങ്ങൾ നടക്കുക. ഡെലിഗേറ്റുകളിൽ ആദ്യമായി ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർ മുതൽ 20 വർഷത്തോളമായി മേളയിൽ സ്ഥിരമായി പങ്കെടുക്കുന്നവർ വരെ എത്തുന്നുണ്ട്. ഇത്തവണ ടാഗോർ തിയേറ്റർ പരിസരങ്ങളിൽ കലാസംസ്‌കാരിക പരിപാടികൾ ഉണ്ടാകില്ല. പകരം മാനവീയംവീഥിയിലാണ് കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുക.

വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വൈകുന്നേരം അഞ്ച് മണിമുതല്‍ ആറ് മണിവരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്‍റെ 'ലയരാഗ സമര്‍പ്പണം' എന്ന പരിപാടി ഉണ്ടായിരിക്കും. ഘടം, വയലിന്‍, മൃദംഗം, മുഖര്‍ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകളാണ് ഈ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

മേളയിലെ ലോക സിനിമ വിഭാഗത്തില്‍ പൂര്‍വിക ആചാരങ്ങളാല്‍ നയിക്കപ്പെടുന്ന ചെറുത്തുനില്‍പ്പിന്‍റെയും സ്വാതന്ത്ര്യ സംരക്ഷണത്തിന്‍റെയും കഥ പറയുന്ന പോര്‍ച്ചുഗീസ് സിനിമ ദ ബ്യൂരിറ്റി ഫ്‌ളവറും (The Buriti Flower) കുടുംബബന്ധത്തിന്‍റെ ആഴം പറയുന്ന സിനിമ സ്റ്റെപന്‍ (Stepne) ഉള്‍പ്പടെ അഞ്ച് സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. വനിതാ വിഭാഗത്തില്‍ ടുണീഷ്യന്‍ ചിത്രം ഫോര്‍ ഡോട്ടേഴ്‌സ് (Four Daughters), മൗനിയ മെഡോര്‍ ഒരുക്കിയ ഹൗറിയ (Houria) എന്നിവയും പ്രദര്‍ശനത്തിനുണ്ട്.

ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്ന എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ 70 ശതമാനം സീറ്റുകളിലാണ് അനുവദിക്കുന്നത്. അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയില്‍ 30 ശതമാനം സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ട്. തിയേറ്ററുകളുടെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമായിരിക്കും പ്രവേശനം.
24 മണിക്കൂറിന് മുന്‍പായി വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. രാവിലെ എട്ടു മുതല്‍ 70 ശതമാനം സീറ്റുകള്‍ പൂര്‍ണ്ണമാകുന്നതുവരെയാണ് റിസര്‍വേഷന്‍. രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേര്‍ഡും സിനിമയുടെ കോഡും ഉപയോഗിച്ച് വേണം സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പണ്‍ തിയേറ്ററില്‍ ഒഴികെ മറ്റെല്ലായിടത്തും റിസര്‍വേഷന്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്. ദിവസം പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ ബുക്ക് ഡെലിഗേറ്റുകള്‍ക്ക് ചെയ്യാവുന്നതാണ്.

Also Read :ജിയോ ബേബിക്ക് പിന്തുണയുമായി സിനിമാസ്വാദകർ, ഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധം

ABOUT THE AUTHOR

...view details