പത്തനംതിട്ട: മനുഷ്യന്‍റെ ബൗദ്ധികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു വായന അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച വായന ദിനാചരണം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
''ഇ ബുക്ക് വായനയും പ്രിയങ്കരമാകുന്നു''
വായന വളര്‍ത്താന്‍ കഴിയുന്ന സവിശേഷ കാലഘട്ടമാണിപ്പോള്‍. കൊവിഡ് കാലത്ത് ആളുകള്‍ അധിക സമയവും വീടുകള്‍ക്കുള്ളില്‍ കഴിയുന്ന സാഹചര്യത്തില്‍ വായനയ്ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. കാലം മാറി വരുമ്പോള്‍ ഇ ബുക്ക് വായനയും പ്രിയങ്കരമായി മാറുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളുകളില്‍ എത്തി പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്നില്ല എന്ന സാഹചര്യം ഉണ്ടായപ്പോള്‍ പല സ്‌കൂളിലേയും അധ്യാപകര്‍ പുസ്തകങ്ങള്‍ കുഞ്ഞുങ്ങളുടെ വീടുകളിലേക്ക് എത്തിച്ചു നല്‍കി മാതൃകയായി. എണ്ണമില്ലാത്ത ആസ്വാദന തലങ്ങളിലേക്കു വായന നമ്മെ കൊണ്ടെത്തിക്കുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.